കൊച്ചി മേയർ കസേര ഹോട്ട് സീറ്റെന്ന് യു.ഡി.എഫ്; കൂൾ എന്ന് അനിൽകുമാർ
text_fieldsകൊച്ചി: കോർപറേഷനിൽ മേയർ തെരഞ്ഞെടുപ്പ് ദിനത്തിൽ തന്നെ പ്രതിപക്ഷമായ യു.ഡി.എഫ് നയം വ്യക്തമാക്കി - മേയറുടെ സീറ്റ് ഹോട്ട്സീറ്റാകും. സ്വസ്ഥമായി അവിടെയിരിക്കാൻ പാടുപെടുമെന്നും അഡ്വ. എം. അനിൽകുമാറിെൻറ സത്യപ്രതിജ്ഞക്ക് ശേഷം അനുമോദന പ്രസംഗത്തിനിടെ യു.ഡി.എഫ് അംഗങ്ങൾ സൂചിപ്പിച്ചു. എന്നാൽ, ഇതൊരു കൂൾസീറ്റാണെന്നും നിലവിലെ 36 അംഗങ്ങളുടെ പിന്തുണ വരുംനാളുകളിൽ കൂടുമെന്നുമായിരുന്നു മേയറുടെ മറുപടി.
രണ്ടു സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയുടെ ബലത്തിലാണ് മേയർ അധികാരത്തിൽ എത്തിയതെന്ന് കോൺഗ്രസ് കക്ഷിനേതാവ് ആൻറണി കുരീത്തറ പറഞ്ഞു. കൗൺസിൽ ഭരണം രാഷ്ട്രീയപരമായി മുന്നോട്ടുകൊണ്ടുപോയാൽ അങ്ങനെ തന്നെ നേരിടുമെന്നും മുന്നറിയിപ്പ് നൽകി. കോൺഗ്രസിെൻറ സ്ഥാപകദിനത്തിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ജവഹർ ലാൽ നെഹ്റുവിെൻറ വാക്കുകൾ ഉദ്ധരിച്ച് ആശംസയർപ്പിച്ചാണ് കോൺഗ്രസ് കൗൺസിലർ ദീപ്തി മേരി വർഗീസ് സംസാരിച്ചത്.
കൊച്ചിയുടെ മേയർ കസേരയിൽ എത്തിയ ഏറ്റവും ചെറിയ മനുഷ്യനാണ് താനെന്ന് മറുപടി പ്രസംഗത്തിൽ എം. അനിൽകുമാർ പറഞ്ഞു. 25ാം വയസ്സിൽ കൗൺസിലറായ തനിക്ക് സി.എം. ദിനേശ്മണിയും ടോണി ചമ്മണിയുമൊക്കെയാണ് ആദ്യഘട്ടത്തിൽ പിന്തുണ നൽകിയത്. യു.ഡി.എഫിനോടും ആലോചിച്ച് തന്നെയാണ് കോർപറേഷൻ നടപടികൾ മുന്നോട്ടുകൊണ്ടുപോകുക. ഉദ്യോഗസ്ഥർ കൗൺസിലർമാർക്ക് മുൻതൂക്കം നൽകണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ താൽപര്യം കാണിക്കും. ഓരോ സാധാരണക്കാരൻ മുന്നിൽ വരുേമ്പാഴും അത് മേയറാണെന്ന് മനസ്സിലാക്കി പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി പോർവിളിയും കൈയാങ്കളിയും ഉണ്ടായത് കോർപറേഷൻ ഭരണം സുഖകരമാകില്ലെന്ന സൂചനയാണ് യു.ഡി.എഫ് നൽകുന്നത്. രണ്ട് വിമത കൗൺസിലർമാരുടെ പിന്തുണയിലാണ് ഭരണമെന്നത് എൽ.ഡി.എഫിന് ഭീഷണിയാണ്.
'റേ'പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും'
ഫോർട്ട്കൊച്ചി: തുരുത്തിയിൽ 399 കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കുന്ന രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയ പൂർത്തീകരണത്തിനാണ് പ്രഥമ പരിഗണനയെന്ന് മേയർ എം. അനിൽകുമാർ. മേയറായി ചുമതലയേറ്റശേഷം പദ്ധതിപ്രദേശത്ത് സന്ദർശനം നടത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടപ്പാടമില്ലാത്ത ഒരാൾ പോലും നഗരപരിധിയിൽ ഉണ്ടാകരുതെന്നാണ് പുതിയ നഗരസഭയുടെ ലക്ഷ്യം.
സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച ടി.കെ. അഷറഫ് മുന്നണിക്ക് പിന്തുണ നൽകിയപ്പോൾ ഉയർത്തിയ ആവശ്യം റേ പദ്ധതി അടിയന്തരമായി പൂർത്തീകരിക്കുക, തുരുത്തി ജി.സി.ഡി.എ കോളനി നിവാസികൾക്ക് പട്ടയം അനുവദിക്കുക എന്നിവയായിരുന്നുവെന്നും മേയർ പറഞ്ഞു.
റേ ഫ്ലാറ്റ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും. ഓരോ പതിനഞ്ച് ദിവസവും കൂടുമ്പോഴും താൻ നേരിട്ട് നിർമാണം വിലയിരുത്താനെത്തുമെന്നും മേയർ പറഞ്ഞു. ജി.സി.ഡി.എ കോളനിയുടെ പട്ടയം പ്രശ്നത്തിൽ ജില്ല കലക്ടറുമായി സംസാരിച്ചുവെന്നും ഉടൻ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കൗൺസിലിൽ റേ പദ്ധതിയുടെ പേരിൽ അഴിമതി ആരോപണമുണ്ടായല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പദ്ധതിയുടെ ഗുണഭോക്താക്കൾ വർഷങ്ങളായി പേറുന്ന ദുരിതം ഒഴിവാക്കുക മാത്രമാണ് ലക്ഷ്യമെന്ന് മേയർ മറുപടി പറഞ്ഞു.
ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, കൗൺസിലർമാരായ ടി.കെ. അഷറഫ്, പി.എം. ഇസ്മുദ്ദീൻ, എം. ഹബീബുള്ള, എക്സിക്യൂട്ടീവ് എൻജിനീയർ അമ്പിളി, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഹരിദാസ് എന്നിവർ മേയർക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.