കൊച്ചി റോ റോ സർവിസ് നിലച്ചിട്ട് മൂന്ന് ദിവസം; ജനം ദുരിതത്തിൽ
text_fieldsഫോർട്ട്കൊച്ചി: വൈപ്പിൻ - ഫോർട്ട്കൊച്ചി കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന റോ റോ വെസലുകൾ രണ്ടും കഴിഞ്ഞ മൂന്ന് ദിവസമായി കട്ടപ്പുറത്തായതോടെ ജനം ദുരിതത്തിൽ. വിദ്യാർഥികൾ, ചികിത്സ തേടുന്നവർ, വിവിധ ആവശ്യങ്ങൾക്കായി മറുകര കടക്കേണ്ടവർ എന്നിവരാണ് വലയുന്നത്.
വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റിത്തിരിഞ്ഞ് പോകേണ്ട അവസ്ഥയിലാണ്. സൈക്കിളിൽ മത്സ്യ വിൽപന നടത്തി ഉപജീവനം കഴിക്കുന്ന കച്ചവടക്കാരുടെ ജീവിതമാർഗം കൂടിയാണ് വെസലുകളുടെ ഓട്ടം നിലച്ചതോടെ പ്രശ്നത്തിലായത്. മൂന്നര മാസമായി ഒരു വെസൽ കട്ടപ്പുറത്തായിട്ട്. ഈ വെസൽ തകരാർ പരിഹരിച്ച് നീറ്റിലിറക്കാൻ ഇതുവരെ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് രണ്ടാമത്തെ വെസലും തകരാറിലായത്.
ഫോർട്ട് ക്യൂൻ എന്ന ബോട്ട് മാത്രമാണ് ഇപ്പോൾ ആശ്രയം. ഈ ബോട്ടിൽ കയറി പറ്റാൻ വലിയ തിരക്കുമാണ്. രണ്ട് വെസലുകളും എന്ന് സർവിസ് നടത്താനാകുമെന്ന കാര്യത്തിൽ അധികൃതർക്കും നിശ്ചയമില്ല. കടുത്ത പ്രതിഷേധം ജനങ്ങൾക്കിടയിൽ ഉടലെടുത്തിട്ടുണ്ടെങ്കിലും അധികാരികൾക്ക് കുലുക്കമില്ല. രണ്ട് വെസലുകളും അടിയന്തര പ്രാധാന്യം നൽകി തകരാർ പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.