ജലമെട്രോ നടത്തിപ്പ് കൊച്ചി വാട്ടർമെട്രോ ലിമിറ്റഡിന്
text_fieldsകൊച്ചി: ജലമെട്രോ നടത്തിപ്പ് ഇനി മുതല്‍ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിന്. കേരള സര്‍ക്കാറിെൻറയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിെൻറയും സംയുക്ത സംരംഭമായാണ് കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് രൂപവത്കരിച്ചത്. വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി), കെ.ഡബ്ല്യു.എം.എല്‍ രൂപവത്കരിക്കുന്നതിനായുള്ള ധാരണപത്രത്തില്‍ കെ.എം.ആര്.എല്‍ എം.ഡി. കെ.ആര്. ജ്യോതിലാലും ചീഫ് സെക്രട്ടറി വി.പി. ജോയിയും ഒപ്പുെവച്ചു. ഇതോടെ കൊച്ചിയിലെ ജലഗതാഗത ആവശ്യകതകളുടെ പൂര്‍ണ ഉത്തരവാദിത്തം കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിനായിരിക്കും.
കെ.എം.ആര്.എൽ മാനേജിങ് ഡയറക്ടര്‍ തന്നെയാകും കെ.ഡബ്ല്യു. എം.എല്ലിെൻറയും എം.ഡി. വാട്ടര്‍ മെട്രോ ലിമിറ്റഡിെൻറ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക സഹായമടക്കമുള്ളവ കെ.എം.ആര്.എല്‍ നല്‍കും. കേരള സര്‍ക്കാറിനെ പ്രതിനിധാനംചെയ്ത് അഞ്ച് ഡയറക്ടര്‍മാരും കെ.എം.ആര്.എല്ലില്‍നിന്ന് മൂന്ന് ഡയറക്ടര്‍മാരും അടങ്ങുന്ന എട്ടംഗ ഡയറക്ടര്‍ ബോര്‍ഡായിരിക്കും കെ.ഡബ്ല്യു.എം.എല്ലിനുണ്ടാകുക.
പ്രധാന ബസ് ടെര്‍മിനലുകള്‍, മെട്രോ സ്റ്റേഷനുകള്‍, ബോട്ട് ജെട്ടികള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന സംയോജിത ഗതാഗത സംവിധാനം കൊണ്ടുവരികയെന്നതാണ് വാട്ടര്‍ മെട്രോയുടെ ലക്ഷ്യം.
പരിസ്ഥിതി സൗഹാര്‍ദപരമായി പദ്ധതി നടപ്പാക്കുന്നതിനായി ഇലക്ട്രിക് ബോട്ടുകളെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന 76 കിലോമീറ്റര്‍ ദൂരത്തില്‍ 38 ഭിന്നശേഷി സൗഹൃദ ജെട്ടികളും 78 ബോട്ടുകളും പദ്ധതിയിലുണ്ട്. ജര്‍മന്‍ ഫണ്ടിങ് ഏജന്‍സിയായ കെ.എഫ്.ഡബ്ല്യു ആണ് പദ്ധതിക്ക് തുക വകയിരുത്തുന്നത്. 747 കോടി രൂപ ആകെ ചെലവ് കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.