മൂലമ്പിള്ളി ഉത്തരവിന് 14 വർഷം; പാക്കേജിന്‍റെ പകർപ്പ് റവന്യൂ മന്ത്രിക്ക് അയച്ച് പ്രതിഷേധം
text_fieldsകൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്ക് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കുവേണ്ടി പ്രഖ്യാപിച്ച മൂലമ്പിള്ളി പുനരധിവാസ പാക്കേജ് ഉത്തരവിന്‍റെ വിജ്ഞാപനത്തിന് ശനിയാഴ്ചത്തേക്ക് 14 വർഷം പൂർത്തിയാകുന്നു. പാക്കേജ് നടപ്പാക്കൽ സംസ്ഥാന സർക്കാർ വിസ്മരിച്ച സാഹചര്യത്തിൽ ഉത്തരവിന്റെ പകർപ്പ് റവന്യൂ മന്ത്രിയെ ഓർമപ്പെടുത്താൻ മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ മുഖേന അയച്ചുകൊടുത്ത് പ്രതിഷേധിക്കും.
2008 ഫെബ്രുവരി ആറിനാണ് വല്ലാർപാടം പദ്ധതിക്കുവേണ്ടി മൂലമ്പിള്ളി ഉൾപ്പെടെയുള്ള ഏഴു വില്ലേജിൽനിന്ന് 316 കുടുംബങ്ങൾക്ക് കുടിയിറങ്ങേണ്ടിവന്നത്. തുടർന്ന് ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ 2008 മാർച്ച് 19ന് സർക്കാറിൽനിന്ന് പുനരധിവാസ ഉത്തരവ് നേടിയെടുത്തു. പുനരധിവാസം മുൻകൂറായി ഉറപ്പാക്കാതെയുള്ള ഭൂമിയേറ്റെടുക്കലിനെതിരെ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് മാതൃകയായി മൂലമ്പിള്ളി സമരം മാറിയതുകൊണ്ടാണ് പാക്കേജിന്റെ നടത്തിപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് കോഓഡിനേഷൻ കമ്മിറ്റി ആരോപിച്ചു.
ശനിയാഴ്ച രാവിലെ ഒമ്പതിന് സുഭാഷ് പാർക്കിന്റെ പ്രധാന കവാടത്തിൽനിന്ന് പ്രകടനമായി പ്രതിഷേധം ആരംഭിക്കും. എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിൽ എത്തിച്ചേരുന്ന പ്രകടനത്തിനുശേഷം നടക്കുന്ന ജാഗ്രത കൂട്ടായ്മയിൽ പ്രഫ. കെ. അരവിന്ദാക്ഷൻ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഉത്തരവിന്റെ പകർപ്പും കവറിങ് ലെറ്റർ സഹിതം തപാൽ മുഖേന അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.