കാത്തിരിപ്പുണ്ട് 143 കുട്ടികൾ, ബന്ധുക്കളുടെ കരുതൽ സ്പർശനത്തിനായി
text_fieldsകൊച്ചി: സംസ്ഥാനത്ത് അച്ഛനമ്മമാരുടെ സാന്ത്വനവും തലോടലും അനുഭവിക്കാനാകാതെ, കുറച്ചു നാളത്തേക്കെങ്കിലും മറ്റേതെങ്കിലും ബന്ധുക്കളുടെ തണലിലും പരിപാലനത്തിലും കഴിയാൻ കാത്തിരിക്കുന്നത് 143 കുട്ടികൾ. 2021-22ലെ കിൻഷിപ് ഫോസ്റ്റർ പദ്ധതിക്കു കീഴിലാണ് അവധിക്കാലത്തെങ്കിലും അനാഥത്വത്തിൽനിന്ന് സനാഥത്വത്തിെൻറ ലോകത്തേക്കു പറക്കാൻ വിവിധ ഹോമുകളിലെ കുട്ടികൾ കാത്തിരിക്കുന്നത്. ഇവർക്ക് സർക്കാറിെൻറ ധനസഹായത്തോടെ ബന്ധുക്കളുടെ വീട്ടിൽ കഴിയാം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതിെൻറ പേരിൽ തങ്ങളുടെ ബന്ധത്തിലുള്ള കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെ നിസ്സഹരായവർക്ക് പരിപാലനത്തിനായി അനുവദിക്കുന്നതാണ് ഈ സാമ്പത്തിക സഹായം. കിൻഷിപ് ഫോസ്റ്റർ കെയർ (ബന്ധുക്കളുടെ പോറ്റി വളർത്തൽ) പദ്ധതിക്ക് 31,86,000 രൂപ അനുവദിച്ച് സർക്കാർ ഉത്തരവിട്ടു.
ആദ്യഗഡുവെന്ന നിലക്ക് 14,76,000 രൂപ ജില്ല ശിശു വികസന ഓഫിസർമാർ മുഖേന വിതരണം ചെയ്യും. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ബന്ധുക്കൾക്കൊപ്പം പോകാൻ കാത്തിരിക്കുന്നത് -25 പേർ, ഏറ്റവും കുറവ് കണ്ണൂരിലും-ഒരാൾ മാത്രം. തിരുവനന്തപുരം 20, കൊല്ലം-മൂന്ന്, പത്തനംതിട്ട-നാല്, ആലപ്പുഴ-ആറ്, കോട്ടയം-രണ്ട്, എറണാകുളം-13, തൃശൂർ-20, പാലക്കാട്-ഏഴ്, മലപ്പുറം-15, കോഴിക്കോട്-അഞ്ച്, വയനാട്-16, കാസർകോട്-ആറ് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കുട്ടികളുടെ എണ്ണം.
കുട്ടികളുമായി അടുത്ത ബന്ധമുള്ള മുത്തശ്ശി, മുത്തച്ഛൻ, അമ്മാവൻ, അമ്മായി തുടങ്ങിയവർക്ക് കിൻഷിപ് പദ്ധതിയിലൂടെ ഏറ്റെടുക്കാം. കുട്ടിയുടെയും വളർത്തമ്മയുടെയും സംയുക്ത അക്കൗണ്ടിലേക്കാണ് തുക നിക്ഷേപിക്കുക. കുട്ടിയുടെ ക്ഷേമകാര്യങ്ങളും തുക കൃത്യമായി വിനിയോഗിക്കുന്നുണ്ടോയെന്ന കാര്യവും അന്വേഷിക്കേണ്ട ചുമതല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിനാണ്.
എന്തിനാണ് ഫോസ്റ്റർ കെയർ
ചിൽഡ്രൻസ് ഹോമുകളിൽ കഴിയുന്ന, അവധിക്കാലത്ത് കുടുംബാംഗങ്ങൾക്കൊപ്പം ജീവിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് അവരെ സ്വീകരിക്കാൻ ഒരുക്കവും പ്രാപ്തിയുമുള്ള മറ്റു കുടുംബങ്ങളിൽ സന്തോഷപൂർവം ജീവിക്കാൻ അവസരമൊരുക്കി കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. താൽപര്യം പ്രകടിപ്പിച്ച രക്ഷിതാക്കളെ കുറിച്ച് കൃത്യമായ അന്വേഷിച്ചാണ് കുട്ടികളെ പറഞ്ഞയക്കുന്നത്.
കിൻഷിപ് ഫോസ്റ്റർ കൂടാതെ വ്യക്തിഗത, ഗ്രൂപ്, അവധിക്കാല പരിപാലനം, ഇടക്കാല ഫോസ്റ്റർ കെയർ എന്നിവയും ഇതിെൻറ ഭാഗമാണ്. ഇങ്ങനെ പുതിയ വീട്ടിലെത്തുന്ന പല കുട്ടികളും ഏറെ സന്തോഷത്തോടെയാണ് തിരിച്ചുവരാറുള്ളതെന്ന് അധികൃതർ വ്യക്തമാക്കുന്നു. മാതാപിതാക്കളിലാരെങ്കിലും ജീവിച്ചിരിക്കുകയും എന്നാൽ, പല കാരണങ്ങളാൽ ഒരുമിച്ചൊരു വീട്ടിൽ താമസിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന കുട്ടികൾക്കാണ് ഫോസ്റ്റർ കെയറിലൂടെ താൽക്കാലിക ഗൃഹസംരക്ഷണം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.