മൂലമ്പിള്ളി കുടിയിറക്കലിന് ഇന്ന് 16 വർഷം; പുനരധിവാസം അനിശ്ചിതത്വത്തിൽ
text_fieldsകൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി 316 കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ട് ചൊവ്വാഴ്ച 16 വർഷം തികയുന്നു.
2008 ഫെബ്രുവരി ആറിനാണ് പുനരധിവാസമൊന്നും പ്രഖ്യാപിക്കാതെ മൂലമ്പിള്ളി തുരുത്തിലെ കുടുംബങ്ങളെ കുടിയിറക്കിയത്. ഈ കുടുംബങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സമരത്തിനൊടുവിൽ 2008 മാർച്ച് 19നാണ് പുനരധിവാസ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.
പുനരധിവാസ ഉത്തരവിന്റെ ആനുകൂല്യങ്ങൾ ഏഴ് വില്ലേജുകളിൽ നിന്ന് പദ്ധതിക്ക് വേണ്ടി വീടും പുരയിടവും നഷ്ടപ്പെടുത്തേണ്ടി വന്ന 316 കുടുംബങ്ങളും അർഹമാണെങ്കിലും നാളിതുവരെ നാമമാത്ര കുടുംബങ്ങൾക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുള്ളതെന്ന് മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.
പാക്കേജിന്റെ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ ഇതിനകം 34 വ്യക്തികൾ മരിച്ചു. ഏറ്റെടുത്ത വസ്തുക്കൾക്ക് പകരമായി അനുവദിച്ച തുഛമായ നഷ്ടപരിഹാര തുകയിൽ നിന്ന് പുനരധിവാസ ഉത്തരവിന് വിരുദ്ധമായി ഈടാക്കിയ വരുമാന നികുതി പോലും ഇതുവരെ തിരിച്ചുനൽകിയിട്ടില്ല. പുനരധിവാസത്തിനായി കണ്ടെത്തിയ ചതുപ്പുസ്ഥലങ്ങൾ വാസയോഗ്യമല്ലെന്ന് പി.ഡബ്ല്യു.ഡി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ ഇപ്പോഴും അനങ്ങിയിട്ടില്ല.
തങ്ങളുടെ നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടി നിരവധി കുടുംബങ്ങൾ നവകേരള സദസ്സിൽ പരാതി നൽകിയെങ്കിലും പ്രതികരണം ഒന്നുമില്ലെന്നും ഇവർ വ്യക്തമാക്കി.
ചൊവ്വാഴ്ച കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം നടത്തുന്നതിനും ഭാവി പരിപാടി ചർച്ച ചെയ്യുന്നതിനുമായി കുടുംബങ്ങൾ ഒത്തുചേരുമെന്ന് കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസീസ് കളത്തുങ്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.