സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി
text_fieldsകൊച്ചി: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട നിർമാണത്തിന് എച്ച്.എം.ടിയുടെ ഭൂമി ലഭിക്കാൻ കെട്ടിവെക്കേണ്ട 18,77,27,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. രണ്ടാംഘട്ട നിർമാണത്തിന് എച്ച്.എം.ടിയുടെ 1.6352 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വികസനത്തിന് തുക കെട്ടിവെച്ച് ഭൂമി വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എൻ.എ.ഡിയുടെ ഭൂമി ലഭിക്കാനുള്ള 23 കോടിയും ഉടന്‍ അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റര്‍ സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിന്റെ ആദ്യഘട്ടം ഇരുമ്പനം മുതല്‍ കളമശ്ശേരി വരെയും (11.3 കി.മി) രണ്ടാംഘട്ടം കളമശ്ശേരി എച്ച്.എം.ടി റോഡ് മുതല്‍ എയര്‍പോര്‍ട്ട് (14.4 കി.മി) വരെയുമാണ്. ആദ്യഘട്ടം 2019ല്‍ പൂര്‍ത്തീകരിച്ചു. ശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നിർമാണം നാല് സ്ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച്.എം.ടി മുതല്‍ എൻ.എ.ഡി വരെയുള്ള ഭാഗം (2.7 കി.മി), എൻ.എ.ഡി മുതല്‍ മഹിളാലയം വരെ (6.5 കി.മി), മഹിളാലയം മുതല്‍ ചൊവ്വര വരെ (1.015 കി.മി), ചൊവ്വര മുതല്‍ എയര്‍പോര്‍ട്ട് റോഡ് വരെ (4.5 കി.മി). ഇതില്‍ എച്ച്.എം.ടി എൻ.എ.ഡി റീച്ചിന്റെ നിർമാണത്തിനായുള്ള ഭൂമിക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ തുക അനുവദിച്ചത്.
ഈ റീച്ചില്‍ എച്ച്.എം.ടിയുടെയും എൻ.എ.ഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെ 1.9 കിലോമീറ്റര്‍ റോഡിന്റെ നിർമാണം 2021ല്‍ പൂര്‍ത്തിയായി. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ഭൂമിയുടെ വിപണി വില എച്ച്.എം.ടി ആവശ്യപ്പെട്ടു. ഭൂമി സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഹൈകോടതി ഉത്തരവിട്ടു. ഇതിനെതിരെ എച്ച്.എം.ടി സമര്‍പ്പിച്ച അപ്പീലിന്മേല് നിശ്ചിത തുക കെട്ടിവെച്ച് ഭൂമി വിട്ടുനല്‍കാന്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. മന്ത്രി പി. രാജീവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് റോഡ് നിർമാണത്തിലെ തടസ്സം പരിഹരിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.