ജില്ലയിൽ കഴിഞ്ഞ വർഷം195 ഗാർഹിക പീഡനക്കേസ്
text_fieldsകൊച്ചി: കഴിഞ്ഞ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 195 ഗാർഹിക പീഡനക്കേസുകൾ. കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് വഴിയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, മൂന്ന് വർഷത്തെ ശരാശരി കണക്കെടുക്കുമ്പോൾ സ്നേഹിത വഴി റിപ്പോർട്ട് ചെയ്യുന്ന ഗാർഹിക പീഡനക്കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്.
എന്നാൽ, നേരിട്ട് പൊലീസിൽ രജിസ്റ്റർ ചെയ്ത കേസുകൾ കൂടിയാകുമ്പോൾ എണ്ണമിനിയും വർധിക്കും. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമൊരുക്കാൻ വ്യാഴവട്ടക്കാലം മുമ്പാണ് കാക്കനാട് കേന്ദ്രീകരിച്ച് സ്നേഹിത ആരംഭിച്ചത്. ഇക്കാലയളവിൽ ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഗാർഹിക പീഡനക്കേസുകളുടെ എണ്ണത്തിൽ വർധനയാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ, കഴിഞ്ഞ ഒരു വർഷം എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. 2023ൽ ജില്ലയിൽ 249 കേസ് റിപ്പോർട്ട് ചെയ്തപ്പോൾ പോയവർഷം അത് 195 ആയാണ് കുറഞ്ഞത്. സ്നേഹിത ആരംഭിച്ച് ആദ്യ വർഷം 24 കേസ് റിപ്പോർട്ട് ചെയ്തെങ്കിൽ പിന്നീട് 2015 ഒഴികെയുള്ള എല്ലാ വർഷവും കേസുകളുടെ എണ്ണം മൂന്നക്കം കടന്നിരുന്നു. കോവിഡ് കാലത്തും ഇതിന് മാറ്റം വന്നിരുന്നില്ല.
അതിജീവിതകൾക്ക് കൈത്താങ്ങ്
അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണ കവചമാണ് സ്നേഹിതയൊരുക്കുന്നത്. ആവശ്യമായ നിയമ -വൈദ്യ സഹായങ്ങൾ, താമസ-ഭക്ഷണ സൗകര്യങ്ങൾ, കൗൺസലിങ് എല്ലാം സ്നേഹിതയുടെ അഭയ കേന്ദ്രത്തിൽ സജ്ജമാണ്. ഒരാഴ്ച വരെ ഇവർക്ക് സൗജന്യമായി ഇവിടെ താമസിക്കാം. നേരിട്ടും ഫോൺ വഴിയുമാണ് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
24 മണിക്കൂറും പ്രവർത്തനസജ്ജം
അതിജീവിതർക്ക് സംരക്ഷണമേകാൻ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് ഈ സംവിധാനം. 180042555678 എന്ന ടോൾഫ്രീ നമ്പറിലേക്ക് ആശ്വാസം തേടി ദിവസേന നിരവധി ഫോൺ കാളുകളാണെത്തുന്നത്. ഇത് കൈകാര്യം ചെയ്യാൻ സർവിസ് പ്രൊവൈഡർമാർ, കൗൺസലർമാർ, സെക്യൂരിറ്റി ജീവനക്കാർ അടക്കം വനിതാ ജീവനക്കാരുടെ ടീം തന്നെയുണ്ട്.
അതിക്രമങ്ങൾക്കിരയാകുന്നവർക്ക് സൗജന്യ താമസ-ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുമ്പോൾ തന്നെ തനിയെ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് ചെറിയ തുക നൽകി ഇവിടെ താമസിക്കാമെന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.