വലിച്ചെറിഞ്ഞ 6800 കുപ്പികൾ ശിൽപമായി; ദൃശ്യവിസ്മയമായി സാന്താക്ലോസ്
text_fieldsഅങ്കമാലി: ക്രിസ്മസ് നാളുകളിൽ മാലിന്യ നിർമാർജന സന്ദേശമുയർത്തി പ്ലാസ്റ്റിക്ക് കുപ്പികളിൽ വിരിഞ്ഞ ഭീമൻ സാന്താക്ലോസ് ശിൽപം. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുപയോഗിച്ചാണ് മൂക്കന്നൂർ പഞ്ചായത്തോഫിസിന് മുന്നിൽ 33 അടി ഉയരത്തിലുള്ള സാന്താക്ലോസ് ശിൽപം നിർമിച്ചത്. ജനപ്രതിനിധികളും ജീവനക്കാരും മറ്റും ഉൾപ്പെട്ട കൂട്ടായ്മയാണ് ക്രിസ്മസിന് സ്വാഗതമോതി സാന്താക്ലോസ് ശിൽപം ഒരുക്കിയത്.
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക, ഭൂമിയെ സംരക്ഷിക്കുക എന്നീ സന്ദേശങ്ങളും ലക്ഷ്യമിടുന്നതായി മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി പറഞ്ഞു. പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്ന് ഹരിത കർമസേന ശേഖരിച്ച 6800 പ്ലാസ്റ്റിക് കുപ്പികളാണ് ശിൽപം നിർമിക്കാൻ ഉപയോഗിച്ചത്.
ഹെഡ്ക്ലര്‍ക്ക് എൻ.സി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, വൈസ് പ്രസിഡന്റ് ജയ രാധാകൃഷ്ണന്, പഞ്ചായത്തംഗം കെ.വി.ബിബിഷ്, ജീവനക്കാരായ ടി.എസ്. സുബീഷ്, പ്രവീണ്‍ലാല്‍, റോയ്സണ്‍ വര്‍ഗീസ്, ആന്സന് തോമസ് എന്നിവര്‍ ദിവസങ്ങളോളം രാത്രിയിലും അവധി ദിവസങ്ങളിലുമാണ് ശിൽപം പൂർത്തിയാക്കാൻ പ്രയത്നിച്ചത്. ക്രിസ്മസ് ആഘോഷം കഴിയുന്നതോടെ ശിൽപം പൊളിച്ച് കുപ്പികള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.