വന്യജീവി ആക്രമണത്തിൽ ആറു വർഷത്തിനിടെ കൊല്ലപ്പെട്ടത് 735 പേർ
text_fieldsകാക്കനാട്: കഴിഞ്ഞ ആറു വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 735 പേർ. 48.60 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നൽകണമെന്നാണ് നിയമം. വനത്തിന് പുറത്ത് പാമ്പുകടിയേറ്റ് മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും അപകടത്തിൽ സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ഇതിനായി 48,60,16,528 രൂപയാണ് കഴിഞ്ഞ ആറു വർഷത്തിനിടെ സർക്കാർ ചെലവഴിച്ചത്. വിവരാവകാശ നിയമം വഴി ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഇപ്രകാരം നഷ്ടപരിഹാരം നൽകിയത്. 12,53,82,956 രൂപയായിരുന്നു നൽകിയത്. 2019-20 ൽ 9,12,11,531 രൂപയും 2018-19 സാമ്പത്തിക വർഷം 8,65,08,553 രൂപയും നഷ്ടപരിഹാരമായി നൽകി.
നാട്ടിലിറങ്ങിയ പുള്ളിപ്പുലി കൂട്ടിൽ കുടുങ്ങി
കുമളി: നാട്ടുകാർക്ക് ഭീതി സൃഷ്ടിച്ച് വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയിരുന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. വണ്ടിപ്പെരിയാർ മേപ്പരട്ട് കന്നിമാർ ചോലയിൽ തിങ്കളാഴ്ച രാത്രിയാണ് പുലി കുടുങ്ങിയത്.
ആഴ്ചകളായി പ്രദേശത്ത് പുലി ഇറങ്ങുന്നത് ഭീതി പരത്തിയിരുന്നു. പെരിയാർ വനമേഖലയിൽനിന്ന് എത്തുന്ന പുലി ഇതിനോടകം നിരവധി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കി. വനം വകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിയാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് കുമളി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ തേയിലക്കാട്ടിൽ ഇരുമ്പുകൂട് സ്ഥാപിച്ച് നിരീക്ഷിച്ചു വരുകയായിരുന്നു. കൂട്ടിനുള്ളിൽ അകപ്പെട്ട പുലിയെ നിരീക്ഷിച്ച ശേഷം രോഗമില്ലന്ന് ഉറപ്പാക്കി പെരിയാർ കടുവ സങ്കേതത്തിന്‍റെ ഉൾഭാഗത്ത് തുറന്നുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.