പുത്തൻവേലിക്കരയിലെ വേലിയേറ്റ പ്രതിരോധം കോർ കമ്മിറ്റി രൂപവത്കരിച്ച് രൂപരേഖ തയാറാക്കും
text_fieldsപറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ വേലിയേറ്റ-വെള്ളപ്പൊക്ക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോർ കമ്മിറ്റി രൂപവത്കരിച്ച് രൂപരേഖ തയാറാക്കാൻ തീരുമാനം. പ്രശ്നങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.
വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിയാണ് കോർ കമ്മിറ്റി രൂപവത്കരിക്കുന്നത്. നിലവിൽ കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ (കെ.എൽ.ഡി.സി) മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾ പരിശോധിക്കും. മൂന്ന് ആഴ്ചക്കകം രൂപരേഖ തയാറാക്കി സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കും. വെള്ളക്കെട്ട് പരിഹരിക്കാൻ സർവേ നടത്തും. എൻജിനീയറിങ് കോളജുകൾ, കുഫോസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.
പുത്തൻവേലിക്കരയിലെ പ്രശ്നങ്ങൾ കൂടുതൽ മനസ്സിലാക്കാൻ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചർച്ച നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി. വേലിയേറ്റ സമയത്ത് വേനൽക്കാലത്ത് വരെ ദിവസവും വെള്ളം കയറുന്ന അവസ്ഥയാണ് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ. വെള്ളം കയറിയതിനുശേഷവും വെള്ളം ഇറങ്ങിയാലും ചളിമൂലം വീടിനു പുറത്തേക്കിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യപരമായ പ്രശ്നങ്ങൾ മുൻനിർത്തി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വൈദ്യപരിശോധന നടത്തണമെന്ന് കലക്ടർ നിർദേശിച്ചു. 2018ലെ പ്രളയത്തിൽ ഏറ്റവും കൂടുതൽ പ്രശ്നം നേരിട്ട പഞ്ചായത്തുകളിൽ ഒന്നാണ് പുത്തൻവേലിക്കര.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കലക്ടർ എൻ.എസ്.കെ. ഉമേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സബ് കലക്ടർ പി. വിഷ്ണുരാജ്, അസി. കലക്ടർ ഹർഷിൽ ആർ. മീണ, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദു മോൾ തുടങ്ങി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.