നിലവാരം കുറഞ്ഞ ശ്രവണ സഹായി നൽകിയ വ്യാപാരിക്ക് 74,900 രൂപ പിഴ
text_fieldsകൊച്ചി: പ്രവർത്തനരഹിതമായ കേൾവി സഹായി തിരിച്ചേൽപിച്ചിട്ടും അതിന്റെ വില ഉപഭോക്താവിന് മടക്കി നൽകാത്ത വ്യാപാരി 74,900 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. എറണാകുളം കുമ്പളം സ്വദേശി കൃഷ്ണരാജ് സമർപ്പിച്ച പരാതിയിലാണ് അധ്യക്ഷൻ ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
കൃഷ്ണരാജിന്റെ മാതാവിന്റെ കേൾവി ശക്തി കുറഞ്ഞതിനാൽ എറണാകുളം വൈറ്റിലയിലെ ധ്വനി ഹിയറിങ് സെന്ററിൽനിന്ന് 14,900 രൂപ നൽകി ശ്രവണ സഹായി വാങ്ങി. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഉപകരണം പ്രവർത്തനരഹിതമായി.
അംഗപരിമിതയും പ്രായാധിക്യവുമുള്ള മാതാവിന് കോടതിയിൽ വരാൻ കഴിയാത്ത സാഹചര്യത്തിലാണ് മകൻ പരാതിയുമായി കമീഷനെ സമീപിച്ചത്. എന്നാൽ, പരാതിക്കാരൻ അല്ല ഉപകരണം വാങ്ങിയതെന്ന വിചിത്രവാദമാണ് വ്യാപാരി കോടതിയിൽ ഉന്നയിച്ചത്.
സാങ്കേതിക കാര്യങ്ങൾ ഉന്നയിച്ച് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത് സേവനത്തിലെ വീഴ്ചയും അധാർമിക വ്യാപാര രീതിയുമാണെന്ന് കമീഷൻ അഭിപ്രായപ്പെട്ടു. ശ്രവണസഹായിയുടെ വിലയായ 14,900 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും ഒരു മാസത്തിനകം വ്യാപാരി പരാതിക്കാരന് നൽകണമെന്ന് കമീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.