കണ്ണും മനസ്സും നിറച്ചൊരു പിറന്നാൾ ആഘോഷം
text_fieldsകൊച്ചി: കണ്ടുനിന്നവരുടെ കണ്ണും മനസ്സും ഒരുപോലെ നിറച്ചൊരു പിറന്നാൾ ആഘോഷത്തിന്റെ കഥ പറയാം. എറണാകുളം ലുലു മാളാണ് വേദി. മടുപ്പിക്കുന്ന ഏകാന്ത ദിനങ്ങളിൽ നിന്നും മാറ്റി, മനോഹരമായൊരു യാത്ര സമ്മാനിച്ചാണ് എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ കുട്ടികൾ ഏതാനും വയോധികരുമായി അവിടെയെത്തിയത്.
സുന്ദര കാഴ്ചകൾക്കപ്പുറം, വിദ്യാർഥികൾ അവിടെയൊരു ‘സർപ്രൈസും’ ഒരുക്കിയിരുന്നു. പൊടുന്നനെ, മുത്തശ്ശീമുത്തശ്ശന്മാർക്ക് മുന്നിൽ സന്തോഷത്തിന്റെ പൂച്ചെണ്ടുകൾ വിരിഞ്ഞു. അവരിൽ ഒരാളുടെ പിറന്നാളാഘോഷത്തിന്റെ മധുര നിമിഷങ്ങൾക്കാണ് തുടർന്ന് അവിടം സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടുകൾ ജീവിതം കണ്ടിട്ടും ഇത്തരമൊരു അനുഭവം ഓർമയിലെങ്ങുമില്ലാത്ത അദ്ദേഹത്തിന്റെ കണ്ണുകൾ ആശ്ചര്യത്തിലേക്കും പതിയെ സന്തോഷാശ്രുക്കളിലേക്കുമെത്തി.
കോളജ് വിദ്യാർഥികളുടെ തന്നെ മുത്തശ്ശീ-മുത്തശ്ശന്മാരെയും വൃദ്ധസദനങ്ങളിലും മറ്റും കഴിയുന്നവരെയുമൊക്കെ ചേർത്ത് അവർക്കൊപ്പം സമയം ചെലവഴിച്ച്, കാണാനാഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് ഹൃസ്വയാത്രകൊണ്ടുപോകുന്ന ‘പോക്കുവെയിൽ വർത്തമാന’മെന്ന പദ്ധതിയിലായിരുന്നു അപൂർവ നിമിഷം. ഇത് ഉൾപ്പെടെ കരുണാർദ്രമെന്ന ആശയത്തിൽ ഒരുപിടി സേവന പ്രവർത്തനങ്ങൾക്കാണ് കോളജ് നേതൃത്വം നൽകുന്നത്.
സ്വന്തമായി വീടില്ലാത്ത സഹപാഠിക്ക് കൈത്താങ്ങായി, ആദ്യത്തെ സ്നേഹ വീട് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ പൂർത്തീകരിച്ചിരുന്നു. അടുത്ത പ്രോജക്ടിനുള്ള ചർച്ചയിലാണ്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിൽ വീടുകൾ നിർമിക്കുന്നതിനുള്ള കല്ലുകൾ വാങ്ങുന്നതിന് ബ്രിക് ചലഞ്ച് പദ്ധതി നടപ്പാക്കി 90,000 രൂപ എം.ജി യൂനിവേഴ്സിറ്റിയുടെ എൻ.എസ്.എസ് വഴി കൈമാറി.
ഒറ്റക്ക് പോരാടി മക്കളെ പോറ്റിവളർത്തുന്ന അമ്മമാർക്കുള്ള സ്നേഹ സമ്മാനം, പാതയോരങ്ങളിൽ കഴിയുന്നവർക്ക് പൊതിച്ചോറ് വിതരണം ചെയ്യുന്ന പാഥേയം പദ്ധതി, സ്വച്ഛ് ഭാരത് പ്രകാരമുള്ള ശുചീകരണ പ്രവർത്തനങ്ങൾ, കിടപ്പ് രോഗികൾക്ക് ഡയപ്പർ ബാങ്ക് പദ്ധതി, സ്കൂളുകൾക്ക് സേവനം നൽകുന്ന കലാലയം ടു വിദ്യാലയം പദ്ധതിയും എന്നിവയൊക്കെ നടപ്പാക്കുന്നുണ്ട്. ക്ലാസ് മുറിക്ക് പുറത്തുള്ള പാഠപുസ്തകം പഠിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ കൈമാറുന്നതെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.