അങ്കമാലിയിലെ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം
text_fieldsഅങ്കമാലി: ദേശീയപാത അങ്കമാലി കറുകുറ്റിയിൽ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഭിന്നശേഷിക്കാരൻ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. രാത്രി വൈകിയും തീയണക്കാൻ ശ്രമം തുടരുകയാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് വീണ് പരിക്കേൽക്കുകയും മറ്റ് ചിലർക്ക് ചെറിയതോതിൽ പൊള്ളലേൽക്കുകയും ചെയ്തു. ഏതാനും വാഹനങ്ങളും അഗ്നിക്കിരയായി. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.
കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്‍ററിന് എതിർവശത്തെ ‘ന്യൂ ഇയർ കുറീസ്’ എന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകീട്ട് 4.15നാണ് തീപിടിത്തം. ദേശീയപാതവഴി സഞ്ചരിച്ചവരാണ് ആദ്യം കണ്ടത്. ഇവർ അറിയിച്ചതോടെ അകത്തുണ്ടായിരുന്നവർ പുറത്തേക്കോടി. എന്നാൽ, മൂന്നാംനിലയിൽ ഇടപാടിനെത്തിയ കരയാംപറമ്പിൽ വാടകക്ക് താമസിക്കുന്ന ഭിന്നശേഷിക്കാരനായ കണ്ണൂർ സ്വദേശി കെട്ടിടത്തിനുള്ളിൽ കുടുങ്ങുകയായിരുന്നെന്ന് രക്ഷപ്പെട്ടവർ പറയുന്നു. ഓഫിസിന് അകത്തേക്കും പുറത്തേക്കും ഒരു വാതിൽ മാത്രമാണുള്ളത്.
അങ്കമാലി, പുതുക്കാട്, ആലുവ, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ ഏഴ് യൂനിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചിട്ടും തീ പൂർണമായി അണക്കാനായില്ല. മൂന്ന് നിലകളും തറയും നടപ്പാതയും തൂണും ചുമരും സീലിങ്ങുമടക്കം പൂർണമായും തേക്കുകൊണ്ട് ആഡംബര രീതിയിലാണ് നിർമിച്ചിട്ടുള്ളത്.
താഴെനിലയിൽ റിസപ്ഷനും രണ്ടാംനിലയിൽ ചിട്ടിക്കമ്പനിയുടെ ഹെഡ് ഓഫിസ്, തേയില കയറ്റുമതി ഓഫിസ് എന്നിവയും മൂന്നാം നിലയിൽ ന്യൂ ഇയർ ചാനൽ സ്റ്റുഡിയോ, ഓഫിസ് എന്നിവയുമാണ് പ്രവർത്തിക്കുന്നത്. മുൻവശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയായത്. സമീപത്തെ മൂന്ന് നിലകളുള്ള ലോഡ്ജിലേക്കും തീ വ്യാപിച്ചെങ്കിലും താമസിയാതെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.