ക്വോറം തികഞ്ഞില്ല; കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറിനെതിരായ അവിശ്വാസം ചർച്ച ചെയ്തില്ല
text_fieldsകീഴ്മാട്: സി.പി.എം ഭരിക്കുന്ന കീഴ്മാട് പഞ്ചായത്തിൽ പ്രസിഡൻറിനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്തില്ല. ഭരണപക്ഷ അംഗങ്ങൾ ഒന്നടങ്കം വിട്ടുനിന്നതിനാൽ ക്വോറം തികയാത്തതിനെ തുടർന്നാണ് പ്രമേയം ചർച്ച ചെയ്യാൻ ചേർന്ന യോഗം പിരിച്ചുവിട്ടത്.
പ്രതിപക്ഷത്തെ യു.ഡി.എഫ്, വെൽഫെയർ പാർട്ടി അംഗങ്ങൾ സംയുക്തമായാണ് പ്രസിഡൻറ് സതി ലാലുവിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്. രണ്ടു ഭരണപക്ഷ അംഗങ്ങൾ പഞ്ചായത്തിൽനിന്ന് അവധിയെടുക്കാതെ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഇതാണ് പ്രമേയത്തിന് പ്രധാന കാരണം.
പഞ്ചായത്ത് ഭരണസമിതിയുടെ സ്വജനപക്ഷം, നവകേരള സദസ്സിൽ പങ്കെടുക്കാൻ സി.ഡി.എസ് അംഗങ്ങൾക്കെതിരെ പഞ്ചായത്ത് പ്രസിഡൻറ് നടത്തുന്ന ഭീഷണി, പ്രതിപക്ഷ അംഗങ്ങൾക്കുള്ള പഞ്ചായത്ത് തനത് ഫണ്ട് വെട്ടിക്കുറച്ചത് തുടങ്ങിയ പ്രശ്നങ്ങൾ കൂടി ഉന്നയിച്ചാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്.
19 അംഗ ഭരണസമിതിയിൽ ഭരണകക്ഷിയായ സി.പി.എമ്മിന് 10 അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്തുള്ള കോൺഗ്രസിന് ആറും മുസ്ലിം ലീഗിന് ഒന്നും വെൽഫെയർ പാർട്ടിക്ക് രണ്ടും അംഗങ്ങളുണ്ട്. രണ്ട് സി.പി.എം അംഗങ്ങൾ വിദേശത്താണ്. അതിനാൽതന്നെ ഭരണപക്ഷത്തിന് കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ്.
ഇതുമൂലം പ്രസിഡൻറ് സ്ഥാനവും ഭരണവും നഷ്ടമാകുമെന്ന് ഉറപ്പായതോടെ യോഗത്തിൽനിന്ന് ‘മുങ്ങി’ അവിശ്വാസത്തെ അതിജീവിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.