വോട്ടുറപ്പിക്കാൻ നെട്ടോട്ടം; പ്രചാരണത്തിന് തിരശ്ശീല വീഴാൻ മൂന്നുദിനം മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള തന്ത്രം പയറ്റുകയാണ് മുന്നണികൾ
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നേയുള്ള അവസാന ഞായറാഴ്ച വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു മുന്നണികളും സ്ഥാനാർഥികളും. അവധി ദിനമായതിനാൽ പരമാവധി വോട്ടർമാരെ നേരിൽ കാണാമെന്നുള്ള അനുകൂല സാഹചര്യം മുതലാക്കി ഭവന സന്ദർശനത്തിനാണ് മുന്നണികൾ പ്രാധാന്യം നൽകിയത്.
ബൂത്ത് തലം മുതൽ സ്ഥാനാർഥികളുടെയും മുന്നണികളുടെയും പ്രസ്താവനകളും സ്ലിപ്പുകളുമായി പ്രവർത്തകർ കൂട്ടമായാണ് ഭവനസന്ദർശനം നടത്തിയത്. കൊടുംചൂടായതിനാൽ പുലർച്ച ആരംഭിച്ച ഗൃഹസന്ദർശനം 11ഓടെ അവസാനിപ്പിച്ചു. തുടർന്ന് വെയിലിന് ശക്തികുറഞ്ഞ ശേഷം വൈകീട്ടും ഭവനസന്ദർശന തിരക്കിലായിരുന്നു പ്രവർത്തകർ. നാല് ലോക്സഭ മണ്ഡലങ്ങൾ കടന്ന് പോകുന്ന ജില്ലയെന്ന നിലയിൽ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമാണ് എറണാകുളം.
എറണാകുളം ലോക്സഭ മണ്ഡലം പൂർണമായും ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ നാല് മണ്ഡലവും ഇടുക്കിയിലെ രണ്ട് മണ്ഡലവും കോട്ടയത്തെ ഒരു മണ്ഡലവും സ്ഥിതി ചെയ്യുന്നത് ജില്ലയിലാണ്. അതുകൊണ്ട് തന്നെ നാല് മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് ചൂടിന് സാക്ഷിയാകുകയാണ് ജില്ല. വോട്ടെടുപ്പിന് മുന്നേയുള്ള അവസാന ഞായറായതിനാൽ പൊതുപര്യടനത്തോടൊപ്പം വിവാഹചടങ്ങുകളിലും ആരാധനാലയങ്ങളിലും എത്താനും സ്ഥാനർഥികൾക്ക് സമയം കണ്ടെത്തേണ്ടി വന്നു.
എറണാകുളത്തെ ഇടത് സ്ഥാനാർഥി കെ.ജെ. ഷൈൻ പൊതുപര്യടനത്തിനിടെ വിട്ടുപോയ കളമശ്ശേരി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് പര്യടനം നടത്തിയത്.
യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ പറവൂരിലും ബി.ജെ.പി സ്ഥാനാർഥി കെ.എസ്. രാധാകൃഷ്ണൻ എറണാകുളം മണ്ഡലത്തിലും പര്യടനം നടത്തി. ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാൻ ആലുവയിലായിരുന്നു പര്യടനം. ഇടത് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥാകട്ടെ കയ്പമംഗലത്തായിരുന്നു പര്യടനം.
രണ്ട് മണ്ഡലത്തിലും സജീവ സാന്നിധ്യമായ ട്വന്റി20 സ്ഥാനാർഥികളും ഞായറാഴ്ചയും പ്രചാരണ രംഗത്ത് സജീവമായിരുന്നു. പരസ്യ പ്രചാരണത്തിന് തിരശ്ശീല വീഴാൻ മൂന്നുദിനം മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാൻ എല്ലാ തന്ത്രവും പയറ്റുകയാണ് മുന്നണികൾ. ഇത് വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതൽ വീറുംവാശിയുമേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.