ചെറിയൊരു തീപ്പൊരി മതി കത്തിപ്പടരാന്‍
text_fieldsകൊച്ചി: താപനില ഉയർന്നതോടെ പൊള്ളുന്ന ചൂടിൽ തീപിടിത്തം വ്യാപകമായിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ പത്തിലധികം തീപിടിത്തങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജില്ലയിൽ സമീപ ദിവസങ്ങളിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് ചൂണ്ടിയിലാണ്. ഇവിടുത്തെ ഉയർന്ന താപനില 40 ഡിഗ്രിയും കടന്നിരിക്കുകയാണ്.
അലക്ഷ്യമായി മാലിന്യത്തിനും പുല്ലിനുമൊക്കെ തീയിടുന്നതടക്കം ശ്രദ്ധയില്ലായ്മയാണ് തീപിടിത്തത്തിന് പ്രധാനമായും വഴിവെക്കുന്നത്. മാലിന്യം കത്തിച്ചതിൽനിന്ന് പടർന്ന തീ നഗരത്തിലെ വർക്ഷോപ്പിലേക്ക് വ്യാപിച്ച് 17 ഓട്ടോറിക്ഷകളും ഉപകരണങ്ങളും കത്തിനശിച്ച സംഭവം ഏതാനും ദിവസങ്ങൾക്ക് മുമ്പാണുണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാക്കനാട് വില്ലേജ് ഓഫിസ് വളപ്പിലുണ്ടായ തീപിടിത്തത്തിൽ തടിക്കഷ്ണങ്ങളും മരക്കൊമ്പുകളും കത്തി നശിച്ചിരുന്നു. വല്ലാർപാടത്ത് ഡി.പി വേൾഡിന് എതിർവശത്തുള്ള ഒഴിഞ്ഞ പറമ്പിൽ പുല്ലിന് തീപിടിച്ചതും പരിഭ്രാന്തി പരത്തിയിരുന്നു. ചാലക്കൽ ആക്രിക്കടയിലും തീപിടിത്തമുണ്ടായി.
പെരുമ്പടപ്പിൽ നഗരസഭ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളിലും തീപടർന്നിരുന്നു. തോപ്പുംപടിയിലെ വിയ്യാ സ്റ്റോറിന് തീപിടിച്ച് ക്രോക്കറി ഇനങ്ങൾ, പാത്രങ്ങൾ തുടങ്ങിയ കത്തിനശിച്ചിരുന്നു. മാടവനയിൽ ഒഴിഞ്ഞ പറമ്പിലെ പുല്ലിന് തീപിടിച്ചതിന് പിന്നിൽ പടക്കം പൊട്ടിച്ചപ്പോഴുണ്ടായ തീപ്പൊരിയാണെന്ന സംശയം ഉയർന്നിരുന്നു.
മാലിന്യം കത്തിച്ചതിനെ തുടർന്ന് കുണ്ടന്നൂർ ജങ്ഷനിലുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായതും സമീപകാലത്താണ്. ദിവസം മുന്നോട്ടുപോകുന്തോറും അന്തരീക്ഷ താപനില കുറയാതെ തുടരുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ചൂടേറുന്ന സമയത്തും അല്ലാത്തപ്പോഴും ഒരുപോലെ തീപിടിത്തത്തിന് വഴിവെക്കുന്ന പ്രശ്നമാണ് ഷോർട്ട് സർക്യൂട്ട്. വൈദ്യുതി ഉപയോഗത്തിലും ക്രമീകരണത്തിലും മതിയായ ശ്രദ്ധപുലർത്തണം.
ആളിപ്പടരും, ശ്രദ്ധവേണം
- അഗ്നിബാധക്ക് ഇടയാക്കുന്ന തരത്തില്‍ തീക്കൊള്ളിയും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്.
- പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കരുത്. ഇത്തരത്തിൽ വസ്തുക്കൾ കത്തിച്ച സ്ഥലങ്ങൾക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
- അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വെള്ളം ടാങ്കുകളിൽ സൂക്ഷിക്കുക
- ഇലക്ട്രിക്ക് ലൈനുകൾക്ക് താഴെ പ്രത്യേക ശ്രദ്ധവേണം
- ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ ശ്രദ്ധവേണം. ചപ്പുചവറുകൾ കത്തിച്ച ശേഷം തീ പൂർണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തണം.
- സ്ഥാപനങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തസജ്ജമെന്ന് ഉറപ്പാക്കുക
- പാചകവാതക സിലിണ്ടർ ഉപയോഗിക്കുമ്പോൾ കനത്ത ജാഗ്രത പാലിക്കുക. പാചകം കഴിഞ്ഞാലുടൻ ബർണർ ഓഫാക്കുക
- മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുന്നതോ ആളിക്കത്തുന്നതോ ആയ ദ്രാവകങ്ങള്‍ അടങ്ങിയ കുപ്പികളോ സമാനമായ മറ്റു വസ്തുക്കളോ ഇടാതിരിക്കുക
- വനപ്രദേശങ്ങളിലും മറ്റും തീപടരുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ വിനോദ സഞ്ചാരികൾ പ്രത്യേക ശ്രദ്ധ പുലർത്തണം.
- കെട്ടിടങ്ങളിലെ സ്ഥിരം അഗ്നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.