ഒരുവർഷത്തിനിടെ രണ്ടായിരത്തോളം തീപിടിത്തം
text_fieldsകൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുതൽ വലിയ കെട്ടിടങ്ങളിൽവരെ സമീപകാലത്ത് തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വീടുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, ഗോഡൗണുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊക്കെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അഗ്നിരക്ഷാസേന സ്റ്റേഷനുകളിലേക്ക് തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരുവർഷത്തിനിടെ എത്തിയത് 1927 കാളുകളാണ്. പൂർണമായ വിവരങ്ങളെത്തുമ്പോൾ ഇത് രണ്ടായിരത്തിനോടടുക്കും. വരുംമാസങ്ങളിൽ അന്തരീക്ഷ താപനില ഉയരുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
നിരവധി തീപിടിത്തങ്ങൾ
ഏതാനും ആഴ്ചക്കിടെ ജില്ലയിലുണ്ടായ ചെറുതും വലുതുമായ തീപിടിത്തങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലുണ്ടായ തീപിടിത്തം, തൃക്കാക്കര ദേശീയമുക്കിലെ ആക്രി ഗോഡൗണിലുണ്ടായ തീപിടിത്തം, കരുവേലിപ്പടിയിൽ നാല് വ്യാപാര സ്ഥാപനങ്ങളിലുണ്ടായ തീപിടിത്തം എന്നിവയിലൊക്കെ ലക്ഷങ്ങളുടെ നഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടു. അമ്പലമുകൾ ബിറ്റുമിനെക്സ് കൊച്ചിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലും തീപിടിത്തമുണ്ടായി. പട്ടിമറ്റത്ത് പായസക്കടയിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചത്, ദേശീയപാതയോരത്തെ കാർ ഷോറൂമിലെ ജനറേറ്ററിന് തീപിടിച്ചത്, തൃക്കാക്കര പടമുഗൾ കമ്പിവേലിക്കകത്ത് ജിംനേഷ്യം അഗ്നിക്കിരയായത്, ആലുവയിലെ പവർ ടൂൾ സർവിസ് സെന്ററിലെ തീപിടിത്തം, എടയാര്‍ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തം, കടമ്പ്രയാറിന് സമീപത്തെ പാടശേഖരത്തിൽ പുല്ലിന് തീപിടിച്ചത് തുടങ്ങി നിരവധി സംഭവങ്ങൾ സമീപകാലത്തുണ്ടായി.
വാഹനങ്ങളിലെ തീപിടിത്തം: കാരണങ്ങൾ പലത്
മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്, തട്ടാംമുകൾ പട്ടിമറ്റം-മംഗലത്തുനട റോഡിൽ നിർത്തിയിട്ട എൻഫീൽഡ് ബൈക്കിന് തീപിടിച്ചത് എന്നിങ്ങനെ വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങളും ആവർത്തിക്കുകയാണ്. ഷോർട്ട് സർക്യൂട്ട്, ഇന്ധന, ഗ്യാസ് ലീക്കേജ്, അധിക താപം ഉൽപാദിപ്പിക്കുന്ന ബൾബുകൾ, വാഹനങ്ങളുടെ കാലപ്പഴക്കം, കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തത് എന്നിവയൊക്കെ വാഹനങ്ങളിലെ തീപിടിത്തത്തിന് വഴിവെക്കാറുണ്ട്.
പഴകിയതും തകരാറുള്ളതുമായ ബാറ്ററികൾ തീപിടിത്തത്തിന് കാരണമാകാറുണ്ട്. കാലപ്പഴക്കം, ശരിയായ മെയിന്റനൻസിന്റെ അഭാവം എന്നിവയിലൂടെ ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി തുടങ്ങിയവയുടെ ആക്രമണംമൂലം ഇന്ധനച്ചോർച്ച ഉണ്ടാകാം. ചില പ്രത്യേകതരം വണ്ടുകൾ റബർകൊണ്ട് നിർമിച്ച ഇന്ധന ലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ശ്രദ്ധിക്കുക
വൈദ്യുതി പ്രവഹിക്കുന്ന കമ്പികളിൽ ചൂട് വർധിക്കുന്നത് ഷോർട്ട് സർക്യൂട്ടിന് കാരണമാകും. ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ അസ്വാഭാവിക ശബ്ദമോ മറ്റോ ഉണ്ടായാൽ അപകടസൂചനയായി കണക്കാക്കണം. പൊതുസ്ഥലങ്ങളിലും മറ്റും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ ശ്രദ്ധവേണം. സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തനസജ്ജമെന്ന് ഉറപ്പാക്കണം. പാചകവാതക സിലിണ്ടർ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക.
മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുന്നതോ കത്തുന്നതോ ആയ ദ്രാവകങ്ങള്‍ അടങ്ങിയ കുപ്പികളോ സമാന വസ്തുക്കളോ ഇടാതിരിക്കുക.
വനപ്രദേശങ്ങളിലും മറ്റും തീപടരുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ വിനോദസഞ്ചാരികൾ പ്രത്യേക ശ്രദ്ധപുലർത്തണം. ബഹുനില കെട്ടിടങ്ങൾ നാഷനൽ ബിൽഡിങ് കോഡ് ഓഫ് ഇന്ത്യ പ്രകാരമുള്ള അഗ്നിശമന സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
‘കാരണം ഷോർട്ട് സർക്യൂട്ട്’
തീപിടിത്തങ്ങളുണ്ടാകുമ്പോൾ ഭൂരിഭാഗം സംഭവങ്ങളിലും കാരണമായി കണ്ടെത്താറുള്ളത് ഷോർട്ട് സർക്യൂട്ടാണ്. വൈദ്യുതിയുടെ സുരക്ഷിതമല്ലാത്ത ഉപയോഗമാണ് ഷോർട്ട് സർക്യൂട്ടിലേക്ക് നയിക്കുന്നത്. ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങൾ:
◆ മാനദണ്ഡങ്ങൾ പാലിക്കാത്തതും നിലവാരമില്ലാത്തതുമായ വയറുകൾ, സ്വിച്ചുകൾ, പ്ലഗ് പോയന്റുകൾ എന്നിവയുടെ ഉപയോഗം
◆ സ്വിച്ചുകൾ, പ്ലഗുകൾ, സോക്കറ്റുകൾ എന്നിവ ബന്ധിപ്പിക്കുന്നതിലെ തകരാറുകൾ
◆ താങ്ങാനാകുന്നതിൽ കൂടുതൽ വൈദ്യുതി പ്രവഹിക്കുന്നത്
◆ സേഫ്റ്റി ഫ്യൂസിലുണ്ടാകുന്ന അപാകതകൾ
◆ വാഹനങ്ങളിലെ രൂപമാറ്റവും ആൾട്ടറേഷനുമായി ബന്ധപ്പെട്ട പ്രവൃത്തികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.