കുരുതിക്കളമായി നിരത്തുകൾ: 75 ദിവസം; 30 ജീവൻ പൊലിഞ്ഞു
text_fieldsകൊച്ചി: ജില്ലയിൽ രണ്ടരമാസത്തിനിടെ പൊലിഞ്ഞത് 30 ജീവൻ. ഏറ്റവുമധികം വാഹനാപകടം സംഭവിക്കുന്ന ജില്ലയെന്ന ദുഷ്പേര് തുടരുന്ന രീതിയിലാണ് കഴിഞ്ഞ മാസങ്ങളിലെ വാഹനാപകട കണക്കുകളിലെ മുന്നേറ്റം.
നവംബർ ഒന്ന് മുതൽ 25വരെയുണ്ടായ അപകടങ്ങളിലാണ് മുപ്പതോളം പേർ മരിച്ചത്. പരിക്കേറ്റവർ ഇരുനൂറോളം വരും. 2018 മുതൽ 2022വരെ സംസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളെക്കുറിച്ച് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലും ജില്ല തന്നെയായിരുന്നു മുന്നിൽ. 2018 മുതൽ ’22വരെ ജില്ലയിൽ 27,529 വാഹനാപകടത്തിലായി 2197 മരണവും 31,529 പേർക്ക് പരിക്കും സംഭവിച്ചതായായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. റോഡ് സുരക്ഷാ നടപടി നടപ്പാക്കാൻ അധികൃതരും നിയമങ്ങൾ പാലിക്കാൻ വാഹനം ഓടിക്കുന്നവരും തയാറാകാത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണം.
വില്ലനായി കുഴികളും കേബിളുകളും
ജില്ലയിലെ നിരത്തുകളിൽ അപകടം വിതക്കുന്നതിൽ വലിയ പങ്ക് റോഡുകളുടെ ശോച്യാവസ്ഥക്കുണ്ട്. കുഴികളിൽ വീണുണ്ടാകുന്ന അപകടത്തിൽ ഇരയാകുന്നവരിലേറെയും ഇരുചക്ര വാഹനയാത്രികരാണ്. അതുപോലെയാണ് കേബിളുകൾ സൃഷ്ടിക്കുന്ന അപകടങ്ങളും. രണ്ട് മാസത്തനിടെ മൂന്ന് ഇരുചക്രവാഹന യാത്രികർക്കാണ് കേബിളുകളിൽ കുരുങ്ങി ഗുരുതര പരിക്കേറ്റത്. താഴ്ന്ന് കിടക്കുന്ന കേബിളുകൾ യാത്രക്കാർക്ക് ഭീഷണിയാണ്.
അപകടമുണ്ടാകുമ്പോൾ മാത്രമുയരുന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇത് മാറ്റാൻ അധികൃതർ തയാറാകുന്നത്. അശാസ്ത്രീയ നിർമാണവും അപകട വർധനക്ക് മറ്റൊരു കാരണമാണ്. ഓയിൽ വീണുണ്ടാകുന്ന അപകടങ്ങളും സമീപകാലത്തായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഗ്രാമ നഗര വ്യത്യാസമില്ലാതെ ഉയരുന്ന അപകടത്തോത്
ഗ്രാമ നഗര വ്യത്യാസമില്ലാതെ വാഹനാപകടങ്ങൾ വർധിക്കുന്നതായാണ് സംഭവങ്ങൾ വ്യക്തമാക്കുന്നത്. മരണനിരക്ക് കൂടുതൽ നഗരങ്ങളിലാണ്. അമിത വേഗം, അശ്രദ്ധയോടെയുള്ള വാഹനമോടിക്കൽ, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം, റോഡ് ശോച്യാവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങൾ അപകടത്തോത് ഉയരാൻ കാരണമാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടുന്നതിലേറെയും. രണ്ടര മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടമരണങ്ങളിൽ 18 എണ്ണവും ഇരുചക്രവാഹന യാത്രികരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.