അനുപമം...ഈ ആദരം
text_fieldsകൊച്ചി: പരിസ്ഥിതി സംരക്ഷണം ആത്മസമർപ്പണമാക്കിയവരെ ആദരിച്ച് വേറിട്ട വഴിയിലൂടെയുള്ള എൻവയൺമെന്റ് മോണിറ്ററിങ് ഫോറത്തിന്റെ പ്രയാണം രജതജൂബിലിയും കടന്ന് മുന്നോട്ട്. ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താതെ പോകുമായിരുന്ന ഒരുകൂട്ടം നിസ്വാർഥ പരിസ്ഥിതി സേവകരെ പൊതുസമൂഹത്തിന് പരിചിതരാക്കിയതിൽ ഫോറത്തിന്റെ പങ്ക് നിസ്തുലമാണ്. പരിസ്ഥിതി പ്രവർത്തകരെന്ന ലേബലില്ലാതെയും ആധുനിക ശാസ്ത്രവികാസങ്ങളെ കുറിച്ചൊന്നും അറിവുകൾ ആർജിക്കാതെയും പരിസ്ഥിതി കാത്തുസംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൂർവികരിൽനിന്ന് മനസ്സിലാക്കിയ, ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ സേവനം ചെയ്യുന്നവരടക്കം 25 പേർക്കാണ് ഇതുവരെ സംഘടന പുരസ്കാരം നൽകി ആദരിച്ചത്. സാധാരണക്കാരായവരുടെ അസാധാരണമായ പരിസ്ഥിതി പ്രവർത്തനം കണ്ടെത്തി പി.വി. തമ്പി മെമ്മോറിയൽ എൻഡോവ്മെന്റ് പുരസ്കാരം നൽകുമ്പോൾ കൂടുതൽ പേരിലേക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് ഫോറത്തിനുള്ളത്.
1990ലാണ് ഫോറം സ്ഥാപിച്ചത്. 1998 മുതലാണ് പുരസ്കാരം നൽകാൻ ആരംഭിച്ചത്. വാട്ടർ റിസോഴ്സ് മാനേജ്മെന്റ് വിദഗ്ധനായിരുന്ന ടി.എൻ.എൻ ഭട്ടതിരിപ്പാടിനായിരുന്നു ആദ്യ പുരസ്കാരം. തുടക്കത്തിൽ 5,000 രൂപയായിരുന്നു പുരസ്കാര തുക. പിന്നീട് 25,000 രൂപയാക്കിയ പുരസ്കാരം രജതജൂബിലി വർഷത്തിൽ 50,000 രൂപയായി ഉയർത്തി. കണ്ടൽ സംരക്ഷകരായ കേല്ലൻ പൊക്കുടൻ(കണ്ണൂർ), പാറയിൽ രാജൻ (പഴയങ്ങാടി), മറിയാമ്മ കുര്യൻ(കുമരകം), മുരുകേശൻ (വൈപ്പിൻ), ചെർപ്പുളശ്ശേരി പൊങ്ങാറ്റികരയിൽ മരങ്ങൾ നട്ടുസംരക്ഷിച്ച മുണ്ടൻ, കോട്ടയത്ത് തണൽ വൃക്ഷങ്ങളുടെ പരിപാലകനായിരുന്ന കാവനാട് ശ്രീധരൻ (ഇത്താപ്പി), കടലാമ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളായ തീരം (കൊയിലാണ്ടി), നെയ്ത്തൽ(കാസർകോട്), പെരിയാർ ടൈഗർ റിസർവിലെ വനിത കൂട്ടായ്മയായ വസന്തസേന, സ്വന്തം ഭൂമിയിൽ വനം നട്ടുപിടിപ്പിച്ച് പരിപാലിച്ച കാസർകോട് സ്വദേശി കരീം, ഫോറസ്റ്റ് വാച്ചർമാരായ മാരി, കണ്ണൻ എന്നിവരുടെയെല്ലാം അസാധാരണ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കുന്നതിൽ പുരസ്കാരമാണ് നിർണായകമായത്.
1990ൽ തുടക്കമിട്ട എൻവയൺമെന്റ് മോണിറ്ററിങ് ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റ് പരിസ്ഥിതി വാദിയും സാമൂഹിക പ്രവർത്തകനും പത്രപ്രവർത്തകനുമായ പി.വി. തമ്പിയായിരുന്നു. ദീനബന്ധുവിന്റെയും ഡെമോക്രാറ്റിന്റെയും എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള തമ്പി കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയുമായിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമക്കായാണ് പുരസ്കാരം ആരംഭിച്ചത്. നിലവിൽ എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റായ ഡോ. സി.ജെ. ജോണാണ് ഫോറത്തിന്റെ സെക്രട്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.