മരടിൽ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്ക്കെതിെര നടപടി
text_fieldsമരട്: നെട്ടൂര്‍ രാജ്യാന്തര മാര്‍ക്കറ്റിൽ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ നഗരസഭ അധികൃതർ എത്തിയത് സംഘര്‍ഷം സൃഷ്ടിച്ചു. 20 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയും തൊഴില്‍ നികുതി അടക്കാതെയും പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ റവന്യൂ ഇന്‍സ്പെക്ടര്‍ ശാലിനി ശ്യാമിെൻറ നേതൃത്വത്തില്‍ എത്തിയ സംഘം സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദേശിച്ചെങ്കിലും വ്യാപാരികള്‍ സംഘംചേര്‍ന്ന് പ്രതിഷേധിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
2016ല്‍ ലൈസന്‍സ് എടുക്കാത്തതിന് നഗരസഭ നോട്ടീസ് നല്കിയിരുെന്നങ്കിലും ഇതിനെതിരെ വ്യാപാരികള്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2020 നവംബറില്‍ കോടതി നഗരസഭക്ക് അനുകൂലമായി എല്ലാ വ്യാപാരികളും ലൈസന്‍സ് എടുക്കണമെന്ന് ഉത്തരവിറക്കി.
തുടര്‍ന്നാണ് നഗരസഭ വീണ്ടും നടപടി ആരംഭിച്ചത്. ആദ്യഘട്ടം 15 ദിവസത്തേക്ക് നോട്ടീസ് നല്‍കുകയും വീണ്ടും സമയം നീട്ടി നല്‍കുകയും ചെയ്തിരുന്നു. ഈ മാസം 17ന് മൂന്നാമതും നോട്ടീസ് നല്‍കിയെങ്കിലും വ്യാപാരികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് നടപടികളിലേക്ക് നീങ്ങിയത്. പനങ്ങാട് സി.ഐയുടെ മധ്യസ്ഥതയില്‍ വ്യാപാരികളും നഗരസഭ ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ തുടര്‍നടപടികള്‍ക്ക് ഏഴുദിവസത്തെ സാവകാശം നല്കി.
റവന്യൂ ഇന്‍സ്പെക്ടര്‍ ശാലിനി ശ്യാം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സിബി പ്രവീണ്‍, ജിഷ, സ്വപ്ന, ഓവര്‍സിയര്‍മാരായ സുകു കെ, ജോയിലിന്, ബിന്ദു, കണ്ടിൻജൻറ് വര്‍ക്കര്‍മാരായ സലിന്‍കുമാര്‍, ഈസി, അനില്‍കുമാര്‍, ജോണ്സണ് എന്നിവരാണ് നഗരസഭയുടെ സംഘത്തിലുണ്ടായിരുന്നത്. വ്യാപാരികളുടെ നിഷേധാത്മക നിലപാട് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി ആണെന്നും ഇനിയും നഗരസഭയോട് സഹകരിക്കാന്‍ തയാറായില്ലെങ്കില്‍ റവന്യൂ റിക്കവറി അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും നഗരസഭ അധ്യക്ഷന്‍ ആൻറണി ആശാന്‍പറമ്പില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.