ആക്ഷൻ ഹീറോ ലേഡീസ്
text_fieldsകൊച്ചി: അതിക്രമങ്ങളെ തടയാൻ ‘ധീര’രായി വനിതകൾ. സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് ‘ധീരം’. സ്ത്രീകൾക്ക് ആയോധനകലകളിലധിഷ്ഠിതമായ സ്വയം പ്രതിരോധ പരിശീലനം നൽകുന്നതിനൊപ്പം സംരംഭ മാതൃകയിൽ കരാട്ടേ, ജിം പരിശീലന ഗ്രൂപ്പുകൾ രൂപീകരിച്ച് ഉപജീവന മാർഗ്ഗമൊരുക്കുകയുമാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ 29 വനിതകളാണ് പരിശീലനം പൂർത്തിയാക്കിയത്.
പ്രതിരോധ പാഠവുമായി മാതൃക സി.ഡി.എസുകൾ
ആദ്യഘട്ടത്തിൽ രണ്ട് മാസ്റ്റർ പരിശീലകരാണ് പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് ഇവരുടെ കീഴിൽ ജില്ലയിലെ വിവിധ സി.ഡി.എസുകളിൽ നിന്നുളള 27 റിസോഴ്സ് പേഴ്സൺമാർ പരിശീലനം പൂർത്തിയാക്കി. മൂന്നാംഘട്ടത്തിൽ ഇവരുടെ നേതൃത്വത്തിൽ ജില്ലയിലെ 14 മാതൃകാ അയൽക്കൂട്ടങ്ങളിലാണ് പരിശീലനം. തിരുവാണിയൂർ, രാമമംഗലം, വാളകം, കവളങ്ങാട്, മുടക്കുഴ, മലയാറ്റൂർ, വെങ്ങോല, കുന്നുകര, എടവനക്കാട്, ചിറ്റാറ്റുകര, കുമ്പളങ്ങി, ആമ്പല്ലൂർ, ആലങ്ങാട്, മുളവുകാട് എന്നിവകളെയാണ് മാതൃകാ സി.ഡി.എസുകളായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടങ്ങളിൽ നിന്ന് ചുരുങ്ങിയത് 20 പേർ വീതമടങ്ങുന്ന സംഘത്തിനാണ് പരിശീലനം നൽകുന്നത്. വരുന്ന സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയാണ് പരിശീലനം. ഇതുവഴി ജില്ലയിലെ 18നും 35നും ഇടയിൽ പ്രായമുളള 280 വനിതകളെ സ്വയം പ്രതിരോധത്തിന് സജ്ജരാക്കും.
പരിശീലനത്തിന് വിപുല സന്നാഹം
സംസ്ഥാന സർക്കാറിന്റെ മൂന്നാം വാർഷിക ഭാഗമായി പ്രഖ്യാപിച്ച നൂറുദിന കർമപദ്ധതിയുടെ ഭാഗമാണിത്. പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമാണ് വനിതകൾക്ക് കരാട്ടേ, ജിം അടക്കം സ്വയം പ്രതിരോധ പാഠങ്ങളിൽ പരിശീലനം നൽകുന്നത്. ശനി, ഞായർ ദിവസങ്ങളിലായി ഉച്ചവരെ കാക്കനാട്, വാഴക്കുളം എന്നിവിടങ്ങളിലാണ് ഒരു വർഷത്തോളം നീണ്ട ജില്ലതല പരിശീനം പൂർത്തിയായത്. പരിശീലനത്തിനെത്തുന്ന റിസോഴ്സ് പേഴ്സൻമാർക്ക് യാത്രാബത്ത നൽകുന്നുണ്ട്. ഇതോടൊപ്പം ജഴ്സിയും നൽകി.
മാതൃകാ സി.ഡി.എസുകളിൽ പരിശീലനം പൂർത്തിയാകുന്നതോടെ ഇവർ മുഖേന സ്കൂൾ, കോളജ്, റസിഡന്റ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ജില്ലതലത്തിൽ മാസ്റ്റർ പരിശീലകർക്ക് ഓണറേറിയവും നൽകുന്നുണ്ട്. ജില്ലയിൽ പരിശീലനം പൂർത്തിയാക്കിയ 27 വനിതകൾക്ക് കഴിഞ്ഞ ദിവസം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നു.
സ്ത്രീകളെ സ്വയംപ്രതിരോധ സജ്ജരാക്കും -ടി.എം. റജീന
ശാരീരികവും മാനസികവുമായ അതിക്രമങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും സ്ത്രീകളെ സ്വയം പ്രതിരോധ സജ്ജരാക്കലാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ ടി.എം. റജീന. മൂന്നാംഘട്ട പരിശീലനം പൂർത്തിയാക്കുന്നതോടെ പരിപാടി താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കും. ഇതോടൊപ്പം ഇത്തരം പരിശീലന പദ്ധതികളിൽ സംരംഭക താത്പര്യമുളളവർക്ക് പ്രോത്സാഹനം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.