നടപടി തകൃതി; എറണാകുളം ജില്ലയിൽ കുറയാതെ ലഹരിക്കേസുകൾ
text_fieldsകൊച്ചി: നിയമനടപടികളും ബോധവത്കരണ പരിപാടികളും തകൃതിയായി നടക്കുമ്പോഴും ജില്ലയിൽ ലഹരിക്കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 45ഓളം പേരാണ് വിവിധ മയക്കുമരുന്ന് കേസുകളിൽ പിടിയിലായത്. ഇവരിൽനിന്ന് കോടികളുടെ ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരിൽ മലയാളികൾ തന്നെയാണ് ഭൂരിപക്ഷമെങ്കിലും അന്തർ സംസ്ഥാനക്കാരും വിദേശികളുടെയും എണ്ണത്തിൽ കുറവില്ല. മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടികളാണ് കഴിഞ്ഞ കുറേ നാളുകളായി പൊലീസും എക്സൈസും ചേർന്ന് സ്വീകരിക്കുന്നത്. എന്നാൽ, ഇതിനെയെല്ലാം മറികടക്കുന്ന രീതിയിൽ കേസുകളും വർധിക്കുകയാണ്. വിദ്യാർഥികളും സ്ത്രീകളും അടക്കമുള്ളവർ ഇത്തരം കേസുകളിൽ കൂടുതലായി ഉൾപ്പെടുന്നെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ലഹരി കടത്തിയ സംഭവവും ഒരുമാസത്തിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ 40 ലക്ഷം രൂപ വിലവരുന്ന ആംഫെറ്റമിൻ കടത്തിയ കേസിലാണ് ഒരു വിദേശി അറസ്റ്റിലായത്. കൂടാതെ ഹെറോയിനുമായി മറ്റൊരു വിദേശ വനിതയും കഴിഞ്ഞ 29ന് ഇവിടെ പിടിയിലായിട്ടുണ്ട്.
അന്തർ സംസ്ഥാനക്കാരുടെ കടന്നുവരവോടെ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ലഹരി ഉപയോഗവും വിപണനവും വൻതോതിൽ നടക്കുന്നുണ്ട്. എന്നാൽ, പിടിയിലാകുന്നതാകട്ടെ നാമമാത്രമായ ആളുകളാണ്. ഉപയോഗത്തിന് വേണ്ടിയും സാമ്പത്തിക ലാഭത്തിനുവേണ്ടിയുമാണ് ഭൂരിഭാഗംപേരും ഈ മേഖലയിലേക്കെത്തുന്നത്. സ്ഥിരം കുറ്റവാളികളായ ചിലരെ പിടികൂടി ഉദ്യോഗസ്ഥർ നടപടി അവസാനിപ്പിക്കുന്നതല്ലാതെ ലഹരിമാഫിയയുടെ ചങ്ങലകൾ പൊട്ടിക്കുന്ന തലത്തിലേക്ക് നടപടി എത്തുന്നില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. ഇതേസമയം തന്നെ പ്രാഥമിക സൗകര്യങ്ങളുടെ അഭാവവും ഉദ്യോഗസ്ഥരുടെ കുറവും മൂലം എക്സൈസ് നടത്തുന്ന പരിശോധനകളും പലപ്പോഴും പ്രഹസനമാകുകയാണ്. ഇതോടൊപ്പം തന്നെ ലഹരിമാഫിയക്കെതിരായ നടപടി ഉദ്യോഗസ്ഥർ തന്നെ അവർക്ക് ചോർത്തിക്കൊടുക്കുന്നതായ ആക്ഷേപവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.