അദാലത്തിലെ മന്ത്രിമാരുടെ നിർദേശത്തിന് പുല്ലുവില കൽപിച്ച് ഉദ്യോഗസ്ഥർ
text_fieldsഫോർട്ട്കൊച്ചി: കരുതലും കൈത്താങ്ങും അദാലത്തിലെ മന്ത്രിമാരുടെ നിർദേശം നടപ്പാക്കാതെ ഉദ്യോഗസ്ഥർ. ഫോർട്ട്കൊച്ചിയിലെ കൊച്ചിൻ ക്ലബിന് ലീസിന് നൽകിയ ഭൂമിയിൽ കീഴ് വാടകക്ക് എടുത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ഫോർട്ട് പാരഗന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഫോർട്ട്കൊച്ചി വില്ലേജ് ഓഫിസർ നൽകിയ ഉത്തരവിൽ തുടർനടപടികൾ സ്വീകരിക്കാനാണ് മന്ത്രിമാരായ പി. രാജീവും പി. പ്രസാദും പങ്കെടുത്ത കരുതലും കൈത്താങ്ങും അദാലത്തിൽ ഉത്തരവിട്ടത്. ടി.എം. അബു സാംസ്കാരിക സമിതി പ്രസിഡന്റ് കെ.ബി. ഹനീഫ് നൽകിയ പരാതിയിലാണ് അദാലത്തിൽ നടപടി നിർദേശിച്ചത്. എന്നാൽ, അദാലത്ത് കഴിഞ്ഞ് 15 ദിവസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ റവന്യൂ ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുകയാണെന്നാണ് പരാതി.
പത്തുദിവസത്തിനകം തഹസിൽദാർ നടപടി സ്വീകരിക്കണമെന്നായിരുന്നു അദാലത്തിൽ ഉത്തരവിട്ടത്. എന്നാൽ, തുടർനടപടികൾ സ്വീകരിക്കാതെ ഹോട്ടൽ നടത്തിപ്പിന് റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപം. റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ കൊച്ചി താലൂക്ക് വികസന സമിതി യോഗത്തിലും ശനിയാഴ്ച പ്രതിഷേധം ഉയർന്നു. കോൺഗ്രസ് പ്രതിനിധി കെ.എം. റഹീമാണ് സഭയിൽ വിഷയം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.