പഞ്ചായത്തുകളിൽ;ഭിന്നശേഷിക്കാർക്ക് അദാലത് സംഘടിപ്പിക്കണം -നിയമസഭ സമിതി
text_fieldsകൊച്ചി: പഞ്ചായത്തുകളിൽ എല്ലാ മാസവും ഭിന്നശേഷി അദാലത് സംഘടിപ്പിക്കാൻ നിർദേശം നൽകുമെന്ന് സ്ത്രീകളുടെയും ട്രാന്സ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ചെയർപേഴ്സൻ യു. പ്രതിഭ പറഞ്ഞു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭിന്നശേഷിക്കാരുടെ റെക്കോഡുകൾ സൂക്ഷിക്കണം. പരാതികളിൽ കാലതാമസം ഒഴിവാക്കണമെന്നും നിയമസഭ സമിതി നിർദേശിച്ചു. ജില്ലയിലെ നിയമസഭ സമിതി തെളിവെടുപ്പ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൻ.
യു.ഡി.ഐ.ഡി കാർഡ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, ഭിന്നശേഷി ആനുകൂല്യങ്ങൾ, തസ്തികകൾ, നിയമനം തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതൽ പരാതികളും വന്നത്.
ആറു മാസത്തിനു ശേഷം ജില്ലയിൽ നിയമസഭ സമിതി യോഗം വീണ്ടും ചേരും. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലയിലെ രണ്ട് പഴയ പരാതിയിൽ സമിതി തെളിവെടുപ്പ് നടത്തി. 31 പുതിയ പരാതി പരിഗണിച്ചു. ഇതിൽ 25 എണ്ണം സമിതി നേരിട്ട് ഇടപെടും. മൂന്ന് പരാതി കലക്ടർക്ക് കൈമാറി.
നിയമസഭ സമിതി അംഗങ്ങളായ കാനത്തിൽ ജമീല, സി.കെ. ആശ, ഒ.എസ്. അംബിക, കെ. ശാന്തകുമാരി, ഉമ തോമസ് എന്നിവർ പരാതികൾ ചർച്ച ചെയ്തു.
പി.വി. ശ്രീനിജിൻ എം.എൽ.എ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീ. ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശീധരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തെളിവെടുപ്പിന് ശേഷം നിയമസഭ സമിതി ചെയർപേഴ്സനും അംഗങ്ങളും വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കാക്കനാട് ചിൽഡ്രൻസ് ഹോം, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സഖി വൺ സ്റ്റോപ് സെന്റർ, ജുവനൈൽ ജസ്റ്റിസ് ഒബ്സർവേഷൻ ഹോം തുടങ്ങിയ സ്ഥാപനങ്ങളാണ് സമിതി സന്ദർശിച്ചത്. പരാതികളിൽ കൃത്യമായ രീതിയിൽ ഇടപെടൽ നടത്തണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് സമിതി നിർദേശം നൽകി.
പെൺകുട്ടികൾക്കുള്ള കാക്കനാട് ചിൽഡ്രൻസ് ഹോമിലെ പ്രവർത്തനരീതികൾ സമിതി അംഗങ്ങൾ വിലയിരുത്തി.
ഗാർഹിക പീഡനം ഉൾപ്പെടെ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേണ്ട താമസവും കൗൺസലിങ്ങും നിയമ സഹായങ്ങളും ഉൾപ്പെടെയുള്ളവ ഒരു കുടക്കീഴിൽ ഒരുക്കി കാക്കനാട്ട് പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ് സെന്ററിന്റെ പ്രവർത്തനവും സമിതി വിലയിരുത്തി. കാക്കനാട്ട് പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കുള്ള ജുവനൈൽ ജസ്റ്റിസ് ഹോമിലെ പ്രവർത്തനങ്ങളും സമിതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.