‘ആന്റു പോരാളിയാണ്, ജയിച്ചു കയറിയ പോരാളി’
text_fieldsകാലടി: ‘അഭിഭാഷകനായ ടി.വി. ആന്റുവിനെ പരിചയപ്പെട്ടു, ഒരു പോരാളിയാണ് ഇദ്ദേഹം. തളര്‍ന്നു പോകുമായിരുന്നിടത്തു നിന്ന് ജയിച്ച് കയറിയ ശക്തനായ പോരാളി’ -കറുകുറ്റി അഡ്ലക്സില്‍ നടന്ന നവകേരള സദസ്സിന്റെ പ്രഭാത കൂട്ടായ്മക്ക് എത്തിയ കാലടി മരോട്ടിച്ചുവട് സ്വദേശി തോട്ടത്തില്‍ വീട്ടില്‍ അഡ്വ. ടി.വി. ആന്റുവിനെ കുറിച്ച് മന്ത്രി വി.എൻ. വാസവൻ ഫെയ്സ് ബുക്കില്‍ കുറിച്ചു. രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ട ഊര്ജസലനായ ചെറുപ്പക്കാരനെ യോഗത്തിന് ശേഷം പരിചയപ്പെട്ട ശേഷമായിരുന്നു മന്ത്രിയുടെ കുറിപ്പ്.
ബാല്യകാലത്ത് പള്ളി തിരുന്നാളിന് പൊട്ടാതെ കിടന്ന ഗുണ്ടെടുത്ത് ഓടിയപ്പോൾ കയ്യില്‍ ഇരുന്നു പൊട്ടി ഇരുകൈകളുടെയും കൈപ്പത്തി നഷ്ടപ്പെട്ട കഥ ആന്റു മന്ത്രിയോട് പറഞ്ഞു.
ആധുനിക ചികിത്സ സൗകര്യങ്ങളില്ലാതിരുന്ന 40 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കൈ തുന്നിചേര്ക്കാനോ കൃത്രിമമായി വെച്ചുപിടിപ്പിക്കാനോ സാധ്യമായിരുന്നില്ല. അറ്റുപോയ വലതു കൈപ്പത്തിക്ക് താഴെ എല്ല് രണ്ടായി തിരിച്ചുവെച്ച് തുന്നിചേര്‍ക്കുകയായിരുന്നു. ആ കൈകൊണ്ട് ആന്റു എഴുതാനും കാര്‍ ഡ്രൈവ് ചെയ്യാനും പിന്നീട് പഠിച്ചു.
കാലടി ശ്രീശങ്കര കോളജില്‍നിന്നു ബിരുദവും ലോ കോളജില്‍നിന്ന് നിയമ ബിരുദവും നേടി. ഇപ്പോൾ പെരുമ്പാവൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ ആന്റുവിനെ മന്ത്രി അഭിനന്ദിച്ചു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.
സി.പി.എം കാലടി ലോക്കല്‍ കമ്മിറ്റി അംഗം, ഓള് ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സ്റ്റേറ്റ് കൗണ്‍സിലംഗം, ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന വൈ. പ്രസിഡന്റ്, യൂനിയന്‍ ജില്ല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ''അഭിഭാഷകനായ ടി.വി. ആന്റുവിനെ പരിചയപ്പെട്ടു, ഒരു പോരാളിയാണ് ഇദ്ദേഹം. തളര്‍ന്നു പോകുമായിരുന്നിടത്തു നിന്ന് ജയിച്ച് കയറിയ ശക്തനായ പോരാളി''യെന്ന് തുടങ്ങുന്നതാണ് മന്ത്രിയുടെ മുഖപുസ്തക പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.