എ.ഐ കാമറകൾ 62 ഇടത്ത്; കൺട്രോൾ റൂം സജ്ജം
text_fieldsകൊച്ചി: നിയമം പാലിക്കാതെ വാഹനമോടിക്കുന്നവരെ പിടികൂടാൻ ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്നത് 62 നിർമിത ബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് -എ.ഐ) കാമറകൾ. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം കാക്കനാട് സജ്ജമായി. പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരും കെല്‍ട്രോണ്‍ ജീവനക്കാരുമടങ്ങുന്ന സംഘമാണ് നിരീക്ഷണം നടത്തുന്നത്. പിഴ സംബന്ധിച്ച തുടര്‍നടപടികളടക്കം കണ്ട്രോള് റൂമില്‍നിന്നാണ് ലഭിക്കുക. നിലവില്‍ ദേശീയപാതയില്‍ അമിതവേഗം പിടികൂടാന്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കാമറകള്ക്കുപുറമെ എ.ഐ കാമറകള്‍കൂടി സജ്ജമായതോടെ നിയമലംഘനം നടത്തുന്നവർക്ക് നൽകേണ്ടിവരുക വലിയ പിഴയാകും.
ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കല്‍, സീറ്റ്ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിതവേഗം, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം, അപകടത്തിനുശേഷം വാഹനം നിര്‍ത്താതെ പോകല്‍, റോഡിലെ മഞ്ഞവര മറികടക്കല്‍, വളവുകളില്‍ വര കടന്ന് വാഹനങ്ങളെ മറികടക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളെല്ലാം എ.ഐ കാമറയുടെ പിടിയിൽ വരും. കാമറ നോക്കി വേഗം കുറച്ചശേഷം അമിതവേഗത്തില്‍ പോകുന്ന രീതിക്കും പിടിവീഴും. രണ്ട് കാമറകൾ തമ്മിലുള്ള ദൂരം കണക്കാക്കിയും അമിതവേഗക്കാരെ എ.ഐ കാമറക്ക് കണ്ടെത്താനാകും. നിയമലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പാകും നോട്ടീസ് നല്‍കുക. നിയമം ലംഘിക്കുന്ന സമയം തന്നെ വാഹന ഉടമകള്‍ക്ക് ഫോണില്‍ മെസേജ് ലഭിക്കുന്ന രീതിയിലാണ് സംവിധാനം.
കാമറ ഇവിടെ....
അരയന്‍കാവ്, പുത്തന്‍കാവ്, അരൂര്‍-തോപ്പുംപടി റോഡ്, കുമ്പളം പനങ്ങാട് പാലം, അരൂര്‍, നെട്ടൂര്‍, ഉദയംപേരൂര്‍, അലക്സാണ്ടര്‍ പറമ്പിത്തറ പാലം, പരിപ്പ് ജങ്ഷന്, തിരുവാങ്കുളം, കരിങ്ങാച്ചിറ, ആവോലി, ആനിക്കാട്, ഇരുമ്പനം, വാളകം, മുടിക്കല്‍, മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, എറണാകുളം മറൈന്‍ഡ്രൈവ്, കാളമുക്ക്, കടത്തി, കക്കടശ്ശേരി, വാഴപ്പള്ളി, പട്ടിമറ്റം, ഞാറയ്ക്കല്‍, മണ്ണൂര്‍, കീഴില്ലം, ഊന്നുകല്‍, വിമലഗിരി കോളജ് ജങ്ഷന്, കോഴിപ്പള്ളി, അറക്കപ്പടി, കോതമംഗലം ഗവ. ആശുപത്രി, നങ്ങേലിപ്പടി, വരാപ്പുഴ പാലം-1, വരാപ്പുഴ പാലം-2, ഓടക്കാലി, തഖ്വ നഗര്‍ തണ്ടേക്കാട്, കൂനമ്മാവ്, ചെറുകുന്നം, പാത്തിപാലം, പെരുമ്പാവൂര്‍ സിഗ്നല്‍ എം.സി. റോഡ്, എ.എം. റോഡ് പെരുമ്പാവൂര്‍-2, ഇരിങ്ങോള്‍, എ.എം. റോഡ് പെരുമ്പാവൂര്‍-1, മുവാറ്റുപുഴ കെ.എസ്.ആര്.ടിസി. ജങ്ഷന്, കടുവാൾ ജങ്ഷന്, ചെറായി പദം, പെരുമ്പടന്ന നോര്‍ത്ത് പറവൂര്‍, മന്നം, താമര വളവ് നോര്‍ത്ത് പറവൂര്‍, മാഞ്ഞാലി പാലം, അത്താണി, നായത്തോട്- മറ്റൂര്‍ എയര്‍പോര്‍ട്ട് റോഡ്, മറ്റൂര്‍, കാലടി-മലയാറ്റൂര്‍ റോഡ്, മല്ലിയങ്കര, ടെല്‍ക്ക്-2, ടെല്‍ക്ക്-1, മൂത്തകുന്നം, വേങ്ങൂര്‍, അങ്കമാലി എന്‍.എച്ച്. ജങ്ഷന്, അങ്ങാടിക്കടവ്, കിടങ്ങൂര്‍, കരയാംപറമ്പ്-1, കരയാംപറമ്പ്-2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.