അയ്യൻകുഴി നിവാസികളുടെ ശ്വാസകോശ രോഗങ്ങൾക്ക് കാരണം അന്തരീക്ഷ മലിനീകരണമെന്ന് റിപ്പോർട്ട്
text_fieldsഅമ്പലമേട്: അയ്യൻകുഴി നിവാസികളുടെ ശ്വാസകോശ രോഗങ്ങൾക്ക് കാരണം അന്തരീക്ഷ മലിനീകരണമെന്ന് ജില്ല മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട്. അമ്പലമുകൾ വ്യവസായ മേഖലകളിൽനിന്നുള്ള മലിനീകരണത്തെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരം കലക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചതിന്റെ ഭാഗമായി ആരോഗ്യവകുപ്പുമായി ചേർന്ന് അയ്യൻകുഴി പ്രദേശത്തെ മുഴുവൻ ആളുകളെയും ചേർത്ത് മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. ഈ ക്യാമ്പിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് അന്തരീക്ഷ മലിനീകരണമാണ് ശ്വാസകോശ രോഗങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയത്.
എച്ച്.ഒ.സിയുടെയും ബി.പി.സി.എല്ലിന്റെയും മതിലിനോട് ചേർന്ന് ഒമ്പതര ഏക്കറിൽ രണ്ടും മൂന്നും സെന്റിലാണ് 44 കുടുംബങ്ങൾ താമസിക്കുന്നത്. ഇതിൽ വാടകകൊടുത്ത് മാറി താമസിക്കാൻ കഴിയുന്നവർ മാറിയെങ്കിലും കഴിയാത്തവർ ഇപ്പോഴും ഇവിടെ തന്നെയാണ് താമസിക്കുന്നത്.
തെക്ക് പടിഞ്ഞാറ് ഭാഗം എച്ച്.ഒ.സിയുടെയും കിഴക്ക് വടക്ക് ഭാഗം റിഫൈനറിയുടെയും രണ്ടാൾ പൊക്കത്തിലുള്ള മതിലുകളാണ്. ഇവക്കിടയിലുള്ള റോഡിലൂടെ മാത്രമേ ഇവിടെ എത്തിപ്പെടാൻ കഴിയുകയുള്ളൂ.
എന്തെങ്കിലും അപകടം ഉണ്ടായാൽ ഓടി രക്ഷപ്പെടാൻ പോലും കഴിയില്ല. 1984 മുതൽ ഈ പ്രദേശത്തുള്ളവർ സമരത്തിലാണ്. പ്രദേശത്ത് ശബദ, വായു മലിനീകരണവും ദുർഗന്ധവും രൂക്ഷമാണ്. കുട്ടികൾക്കും പ്രായമായവർക്കും ശ്വാസകോശ രോഗങ്ങൾ വ്യാപകമാണ്. രാത്രിയിൽ പലർക്കും ശ്വാസംമുട്ടൽ മൂലം ഉറങ്ങാൻ കഴിയുന്നില്ല.
സമരസമിതി കൺവീനർപോലും ശ്വാസകോശ രോഗവും ഹൃദ്രോഗവും മൂലം ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.