വില്ലനായി മദ്യാസക്തി; കേസുകളിൽ വർധന
text_fieldsകൊച്ചി: ജില്ലയിൽ അമിത മദ്യാസക്തി കേസുകളിലും വർധന. യുവതലമുറയിൽ സിന്തറ്റിക് ലഹരികളുടെ ഉപയോഗവും ആസക്തിയും വർധിക്കുമ്പോൾ തന്നെയാണ് മദ്യപാന ആസക്തി മൂലമുള്ള പ്രശ്നങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാന കുടുംബശ്രീ മിഷന് കീഴിലുള്ള സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് വഴി മാത്രം ഒരു പതിറ്റാണ്ടിനിടെ കൈകാര്യം ചെയ്തത് ഇത്തരത്തിലുള്ള ആയിരത്തോളം കേസുകളാണ്.
മദ്യാസക്തരുടെ വിവിധ തരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്നവർ വഴിയാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലധികവും.
11 വർഷം; 922 കേസ്
11 വർഷത്തിനിടെ മദ്യാസക്തിയുമായി ബന്ധപ്പെട്ട 922 കേസാണ് സ്നേഹിതയിലെത്തിയത്. ഓരോ വർഷവും കേസുകളുടെ എണ്ണത്തിൽ വർധനയാണ് കാണിക്കുന്നത്. 2013-14ൽ 16 കേസ് റിപ്പോർട്ട് ചെയ്തെങ്കിൽ ഈ വർഷം ഇതുവരെ 167 കേസാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ പകുതിയിലേറെയും അഞ്ചു വർഷത്തിനിടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിന്തറ്റിക് ലഹരിയധിഷ്ഠിത പ്രശ്നങ്ങളോടൊപ്പം തന്നെ മദ്യാസക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വർധിക്കുകയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സിന്തറ്റിക് ലഹരി ഉപയോഗം കൂടുതലും കൗമാരക്കാരിലാണെങ്കിൽ മദ്യാസക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യുവാക്കളിലും മധ്യവയസ്കരിലുമാണ് കാണുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കുടുംബ-സാമൂഹിക ബന്ധങ്ങളിലെ വില്ലൻ
മദ്യാസക്തി വ്യക്തി-കുടുംബബന്ധങ്ങളിലേയും പ്രധാന വില്ലനായി മാറുകയാണെന്നാണ് മനഃശാസ്ത്രഞ്ജർ പറയുന്നത്. വർധിച്ചുവരുന്ന ക്രിമിനൽ പ്രവർത്തനങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് വരുന്നത് ഇത്തരക്കാരാണ്. ഗാർഹിക-കുടുംബപ്രശ്ന കേസുകളിലും പ്രധാന വില്ലൻ ലഹരിക്കടിമകളായവരാണ്. 11 വർഷത്തിനിടെ സ്നേഹിതവഴി മാത്രം1130 കുടുംബ കലഹ കേസും 2015 ഗാർഹിക പീഡനക്കേസും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള മറ്റ് അതിക്രമങ്ങളുമുണ്ട്. ഇതിലെല്ലാം പ്രതിസ്ഥാനത്ത് വരുന്നവരിലേറിയ പങ്കും മദ്യമടക്കമുള്ള ലഹരി വസ്തുക്കൾ അമിതമായി ഉപയോഗിക്കുന്നവരാണ്.
വ്യാപകമായി ലഹരി ഉപയോഗം
മദ്യാസക്തി കേസുകൾ വർധിക്കുമ്പോൾ തന്നെ ജില്ലയിൽ യുവതലമുറയിൽ സിന്തറ്റിക് ലഹരിയുടെ ഉപയോഗവും വ്യാപകമാണ്.
പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഇതിന്റെ കണ്ണികൾ വ്യാപകമാണ്. എന്നാൽ, പ്രതിരോധ നടപടിയാകട്ടെ പ്രഹസനവുമാണ്. സർക്കാറിന് കീഴിലുള്ള വിമുക്തി ലഹരി വർജന കേന്ദ്രങ്ങളിലും സ്നേഹിതപോലുള്ള സമാന്തര സംവിധാനങ്ങളിലും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന കേസുകൾ നിരവധിയാണ്.
അഞ്ചു വർഷത്തിനിടെ ജില്ലയിൽ ലഹരിയിൽനിന്ന് വിടുതൽ തേടി സർക്കാർ സംവിധാനങ്ങളിൽ കൗൺസലിങ്ങിനെത്തിയത് പന്തീരായിരത്തോളം പേരാണ്. ചികിത്സ തേടിയവരുടെ എണ്ണവും ഇത്ര തന്നെ വരുമെന്നാണ് കണക്കുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.