മാലിന്യം നീക്കിയിട്ട് രണ്ടാഴ്ച; പകർച്ചവ്യാധി ഭീതിയിൽ ആലുവ മാർക്കറ്റ്
text_fieldsആലുവ: നഗരസഭ മാർക്കറ്റിൽ മാലിന്യം കെട്ടിക്കിടക്കുന്നു. പച്ചക്കറി മാർക്കറ്റിലെ മാലിന്യങ്ങടക്കമുള്ളവയാണ് പുതിയ മാർക്കറ്റ് പദ്ധതി പ്രദേശത്ത് കെട്ടിക്കിടക്കുന്നത്. മാലിന്യനീക്കം നിലച്ചതാണ് കാരണം. ചീഞ്ഞ പച്ചക്കറി അടക്കമുള്ള മാലിന്യം ആധുനിക മാർക്കറ്റ് പദ്ധതി പ്രദേശത്ത് കുന്നുകൂടി കിടക്കുകയാണ്. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുവരെ ഇവിടെ മാലിന്യം കൊണ്ടിടുന്നുണ്ട്. നഗരസഭ തൊഴിലാളികളാണ് എല്ലാ ദിവസവും വ്യാപാരികളിൽനിന്ന് മാലിന്യം ശേഖരിച്ച് കൊണ്ടുപോയിരുന്നത്. മാലിന്യത്തിന്റെ തൂക്കത്തിനനുസരിച്ചാണ് തുക ഇടാക്കുന്നത്. എന്നാൽ, രണ്ടാഴ്ചയായി മാലിന്യം കൊണ്ടുപോകുന്നില്ല. മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങി. പ്രദേശത്തോട് ചേർന്നാണ് മത്സ്യമൊത്തക്കച്ചവടം. മത്സ്യം വാങ്ങാനെത്തുന്ന ചെറുകിട വ്യാപാരികൾക്കും മൊത്തക്കച്ചവടക്കാർക്കും മാലിന്യപ്രശ്നം ദുരിതമായിട്ടുണ്ട്. തൊട്ടടുത്ത മാർക്കറ്റ് മസ്ജിദിൽ പ്രാർഥനക്കെത്തുന്നവർക്കും ദുർഗന്ധവും കൊതുകുശല്യവും ദുരിതമാകുകയാണ്.
വർഷങ്ങൾക്ക് മുമ്പ് ആധുനിക മാർക്കറ്റ് കെട്ടിടം നിർമിക്കാൻ ഇവിടെയുണ്ടായിരുന്ന പഴയ പ്രധാന കെട്ടിടം പൊളിച്ച് നീക്കിയിരുന്നു. പുതിയ കെട്ടിട നിർമാണം ആരംഭിച്ചിട്ടില്ല. ഇതോടെ ഈഭാഗം മാർക്കറ്റിലെയും മറ്റും മാലിന്യം തള്ളാനുള്ള സ്ഥലമായി മാറി. മാർക്കറ്റിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഇത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.