ഏത് പാതിരാത്രിയും സഹായത്തിന് അലിയുണ്ട്
text_fieldsആലുവ: ഏത് പാതിരാത്രിയിലും അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുമായി പാഞ്ഞെത്തുന്ന അലിയുടെ സേവനം നാട്ടുകാർക്ക് അനുഗ്രഹമാണ്. ആംബുലൻസ് ഡ്രൈവർ എന്നതിലുപരി, രോഗിയുടെ സ്വന്തം ബന്ധുവിനെ പോലെ ഇടപെടുന്ന വ്യക്തിയാണ് അലിയെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. ആശുപത്രിയിൽ രോഗിയുമായി എത്തുമ്പോൾ അടിയന്തര ശസ്ത്രക്രിയയോ മറ്റോ നടത്തേണ്ടി വന്നാൽ അത് കഴിയുന്നത് വരെ കാത്തുനിന്ന് ആവശ്യമായ സഹായം നൽകി രോഗിയുടെ കുടുംബത്തിന് പിന്തുണ നൽകുകയും ചെയ്യും. രോഗിക്ക് രക്തം ആവശ്യമായി വരുന്ന സാഹചര്യത്തിൽ അതിന് വേണ്ടിയും മുന്നിട്ടിറങ്ങും. പി.ഡി.പി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനകീയ ആരോഗ്യ വേദി ആംബുലൻസിന്റെ ഡ്രൈവറാണ് അലി മുള്ളംകുഴി. 2017 ൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പി.ഡി.പി ആംബുലൻസ് വാങ്ങിയത് മുതൽ സാരഥിയാണ് അലി. വിവിധ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവരുമായി നല്ല ബന്ധമാണ്. ചില സന്ദർഭങ്ങളിൽ ഉറ്റവർ ഇല്ലാത്ത രോഗികളെ ഒറ്റക്ക് ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാറുണ്ടെന്ന് അലി പറയുന്നു. സൗമ്യതയോടെയും ക്ഷമയോടെയുമുള്ള പെരുമാറ്റമാണ് ജനങ്ങൾ അടിയന്തര സാഹചര്യത്തിൽ അലിയെ ആദ്യം വിളിക്കുന്നതിനുള്ള ഒരു കാരണം.
കോവിഡ് കാലത്ത് രാത്രിയെന്നോ പകലെന്നോ ഇല്ലാതെയുള്ള അലിയുടെ പ്രവർത്തനം മറക്കാനാവാത്തതാണെന്ന് നാട്ടുകാർ പറയുന്നു. കോവിഡ് മൂലം മരിച്ചവരെ വീടുകളിലേക്കും രോഗികളെ ആശുപത്രികളിലേക്കും കോവിഡ് സെൻററുകളിലേക്കും കൊണ്ട് പോകാൻ കീഴ്മാട് പഞ്ചായത്തിലുള്ളവരും സമീപ പഞ്ചായത്തുകളിലുള്ളവരും കൂടുതലായി ആശ്രയിച്ചിരുന്നത് അലി ഓടിക്കുന്ന ആംബുലൻസിനെയാണ്. കീഴ്മാട് പഞ്ചായത്തിൽ മാത്രമല്ല, എറണാകുളം മെഡിക്കൽ കോളജ്, രാജഗിരി ആശുപത്രി എന്നിവിടങ്ങളിൽ നിന്നെല്ലാം അലിയെ തേടി വിളിയെത്തുന്നു. ആംബുലൻസിന്റെ ഇന്ധന ചെലവിലേക്കും അറ്റകുറ്റപ്പണികൾക്കുമുള്ള കുറഞ്ഞ തുക മാത്രമാണ് ആളുകളിൽ നിന്നും ഈടാക്കുന്നത്. തീരെ സാമ്പത്തികം കുറഞ്ഞ നിവൃത്തിയില്ലാത്ത ആളുകളിൽ നിന്നും ഒന്നും വാങ്ങാറുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.