പായലിനെ പിടികൂടാൻ വീഡ് ഹാർവെസ്റ്റർ ‘കായലിലിറങ്ങി’
text_fieldsകൊച്ചി: കനാലുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യവും പായലും എളുപ്പത്തിൽ മാറ്റാനുള്ള ആംഫിബിയൻ വീഡ് ഹാർവെസ്റ്റർ കൊച്ചിയിലെ കായലുകളിലെത്തി. ജലാശയങ്ങളെ സംരക്ഷിക്കുകയും ജലജീവികളെ ഉപദ്രവിക്കാത്ത തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മെഷീന്റെ പ്രവർത്തനം കൊച്ചി വടുതല ടി.പി കനാലിൽ തിങ്കളാഴ്ച തുടങ്ങി.
4.82 കോടി രൂപ വിലയുള്ള ഹാർവെസ്റ്റർ സി.എസ്.എം.എൽ ആണ് കഴിഞ്ഞദിവസം കൊച്ചി കോർപറേഷന് കൈമാറിയത്. മെയിന്റനൻസിനും ഓപറേഷനുമായി 9.10 കോടിയും വകയിരുത്തിയാണ് മെഷീൻ കൈമാറിയത്. തോടുകളിൽ ഏറ്റവും കൂടുതൽ നേരിടുന്ന മലിനീകരണ പ്രശ്നത്തിന് മെഷീന്റെ വരവോടെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കായലിലെ പോള നീക്കാൻ മാത്രമല്ല, കരഭാഗങ്ങളിലെ പുല്ല് ചെത്താനും വീഡ് ഹാർവെസ്റ്റർ ഉപയോഗിക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ മുഴുവൻ കായലുകളിലെയും പോള നീക്കം ചെയ്ത് വൃത്തിയാക്കാനും നീരൊഴുക്ക് സുഗമമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. പേരണ്ടൂർ കനാലാണ് തുടക്കത്തിൽ വൃത്തിയാക്കുക. വീഡ് ഹാർവെസ്റ്റർ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിൽ മേയറെ കൂടാതെ സി.എസ്.എം.എൽ സി.ഇ.ഒ ഷാജി വി. നായർ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ വി.കെ. മിനിമോൾ, കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.