ഭക്ഷണമിറക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് മൊബൈൽ ആപ്പുമായി അമൃത ആശുപത്രി
text_fieldsകൊച്ചി: ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് (ഡിസ്ഫാജിയ) നേരിടുന്നവരെ സഹായിക്കാൻ രൂപകൽപന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ ‘സ്വാളോ’ അമൃത ആശുപത്രി പുറത്തിറക്കി.
ആശുപത്രിയിൽ എം.എസ്സി ഡെഗ്ലൂറ്റോളജി ആൻഡ് സ്വാളോയിങ് ഡിസോർഡേഴ്സ് കോഴ്സ് ആരംഭിച്ചതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഡിസ്ഫാജിയ 2023’ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ യു.കെയിലെ സ്പീച്ച് ആൻഡ് സ്വാളോയിങ് റീഹാബിലിറ്റേഷൻ വിദഗ്ധൻ ഡോ. ജസ്റ്റിൻ റോ ആപ് ഔദ്യോഗികമായി അവതരിപ്പിച്ചു. നടൻ ശ്രീനിവാസൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
രോഗികൾക്ക് സ്വാളോ ആപ് ഉപയോഗിച്ച് മെഡിക്കൽ വിദഗ്ധരുമായി നേരിട്ട് ബന്ധപ്പെടാം. മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ആദ്യഘട്ടത്തിൽ കൺസൾട്ടേഷൻ സൗകര്യം.
വൈകാതെ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഈ സേവനം ലഭ്യമാകും. ആപ് ഉപയോഗപ്പെടുത്തി ദൈനംദിന ആശുപത്രി സന്ദർശനങ്ങളുടെ ആവശ്യമില്ലാതെതന്നെ രോഗികൾക്ക് ചികിത്സ തേടാനാകും.
ആദ്യഘട്ടത്തിൽ അമൃത ആശുപത്രിയിലെ രോഗികൾക്കാണ് ആപ്പിന്റെ സേവനം ലഭിക്കുക. തുടർന്ന് ആപ് സ്റ്റോറുകളിൽ മറ്റുള്ളവർക്കും ലഭ്യമാകും.
വിദഗ്ധരുടെ മേൽനോട്ടത്തിലുള്ള തെറാപ്പികളിലൂടെ ഡിസ്ഫാജിയ ബാധിച്ചവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കുമെന്നും ഇതിനായി രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും അമൃത ആശുപത്രിയിലെ അമൃത സ്വാളോ സെന്റർ ചെയർമാൻ ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു. അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, ഡോ. ജയകുമാർ മേനോൻ, ഡോ. എം.വി.ജി. തമ്പി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം 29ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.