പിഞ്ചുകുഞ്ഞുങ്ങൾക്കുപോലും രക്ഷയില്ലാത്ത നാട്ടിൽ 18കാരിയായ അനാഥയെ ഇറക്കിവിടാനാവില്ല
text_fieldsകൊച്ചി: പിഞ്ചുകുഞ്ഞുങ്ങൾക്കു പോലും രക്ഷയില്ലാത്ത നാട്ടിൽ അനാഥയായ 18കാരിയെ ഒരു സുരക്ഷയുമില്ലാതെ ഇറക്കിവിടാനാവില്ലെന്ന് ഹൈകോടതി. കുട്ടിയുടെ ഭാവിയും സുരക്ഷയും കോടതിക്ക് കണക്കിലെടുത്തേ പറ്റൂവെന്നും മനുഷ്യരെന്ന് വിളിക്കാൻപോലും പറ്റാത്ത ക്രിമിനലുകൾക്കിടയിലേക്ക് എങ്ങനെ ഇറക്കിവിടാനാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ചോദിച്ചു.
13ാം വയസ്സിൽ ലുധിയാനയിൽനിന്ന് ദത്തെടുത്ത പെൺകുട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും ഒത്തുപോകാത്തത് ചൂണ്ടിക്കാട്ടി ദത്തെടുക്കൽ നടപടി റദ്ദാക്കാൻ തിരുവനന്തപുരം സ്വദേശിയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും നൽകിയ ഹരജിയിലാണ് നിരീക്ഷണം.
കോടതി നിർദേശപ്രകാരം കുട്ടിയുമായി സംസാരിച്ച് തിരുവനന്തപുരം ജില്ല ലീഗൽ സർവിസ് അതോറിറ്റി തയാറാക്കിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ നിർദേശിച്ച കോടതി, ഹരജി അടുത്ത ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
ഹരജിക്കാരുടെ ഏക മകൻ 2017 ജനുവരി 14ന് 23ാം വയസ്സിൽ കാറപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് കുട്ടിയെ ദത്തെടുക്കാൻ ദമ്പതികൾ തീരുമാനിച്ചത്. കേരളത്തിൽനിന്ന് ദത്തെടുക്കാൻ കാലതാമസമുള്ളതിനാൽ പഞ്ചാബിലെ ലുധിയാനയിലുള്ള നിഷ്കാം സേവാ ആശ്രമത്തിൽനിന്നാണ് 2018 ഫെബ്രുവരി 16ന് നിയമപ്രകാരം പെൺകുട്ടിയെ ദത്തെടുത്തത്.
കുട്ടിയുടെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള സൗകര്യങ്ങളും ഒരുക്കി. എന്നാൽ, പെൺകുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി കാണാൻ കഴിയുന്നില്ലെന്നും ഒത്തുപോവില്ലെന്ന് ഉറപ്പായതിനാലാണ് കുട്ടിയെ തിരിച്ചയക്കാൻ അനുമതി തേടി ഹരജി നൽകിയിരിക്കുന്നതെന്നുമാണ് ഹരജിയിലെ വാദം. കുട്ടി 2022 സെപ്റ്റംബർ 29 മുതൽ തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
ആരുമില്ലാതെ പകച്ചുനിൽക്കുന്ന കുട്ടിയെ എവിടേക്കു വിടുമെന്നും എങ്ങനെ അയക്കുമെന്നുമുള്ളതടക്കം കാര്യങ്ങൾ സങ്കീർണമാണെന്ന് കോടതി പറഞ്ഞു. ഭാഷപോലും അറിയാതെ കേരളത്തിലെത്തിയ കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കാനാവും. ദത്തെടുത്തവരോട് കുട്ടിക്ക് മാനസികമായ അകൽച്ചയുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി വിലയിരുത്തി. തുടർന്നാണ് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.