മഴയെത്തും മുമ്പേ എറണാകുളം ജില്ലക്ക് പനിച്ചൂട്
text_fieldsകൊച്ചി: വർഷകാലം വരും മുമ്പേ പനിക്കിടക്കയിൽ എറണാകുളം ജില്ല. നിത്യേന നൂറുകണക്കിനാളുകളാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെത്തുന്നത്. പനി ബാധിച്ച് ഡോക്ടറെ കാണാത്തവരുടെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെയും എണ്ണം ഇതിലുമേറെ വരും. ഒരാഴ്ചക്കിടെ ശരാശരി 500നടുത്ത് ആളുകളാണ് പ്രതിദിനം ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയത്. മേയ് 10 മുതൽ 17 വരെ എട്ടു ദിവസങ്ങളിലായി 3458 പേർ പനിക്ക് ചികിത്സ തേടി. കഴിഞ്ഞ ബുധനാഴ്ച മാത്രം 502 പേർ പനിബാധിതരായി ഗവ. ആശുപത്രികളിലെത്തി, ഒമ്പതു പേരാണ് കിടത്തി ച്ചികിത്സ തേടിയത്. വ്യാഴാഴ്ച 459 പേരും വെള്ളിയാഴ്ച 464 പേരും പനിക്കാരായി ഒ.പികളിൽ ചികിത്സ തേടി.
ഡെങ്കിപ്പനിയും പിന്നാലെ...
സാധാരണ പനിക്കൊപ്പം ഡെങ്കിപ്പനിക്കാരുടെ എണ്ണവും കൂടിവരികയാണ്. 43 പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ വെള്ളിയാഴ്ച മാത്രം 18 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഇതുകൂടാതെ ഒരാഴ്ചക്കിടെ 33 പേർക്ക് രോഗം സംശയിക്കുകയും ചെയ്യുന്നു. കുട്ടമ്പുഴയിൽ നാലു പേർക്കും തമ്മനത്ത് മൂന്നു പേർക്കും ചെറുവട്ടൂർ, ചൂർണിക്കര, എടത്തല, കാക്കനാട്, കളമശ്ശേരി, മലയിടംതുരുത്ത്, മഴുവന്നൂർ, മുനമ്പം, പെരുമ്പാവൂർ, വരാപ്പുഴ, വെണ്ണല എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. വയറിളക്ക രോഗികളുടെ എണ്ണവും വർധിച്ചുവരികയാണ്. 100 നു മുകളിലാണ് ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം. ഒരാഴ്ചക്കിടെ 896 പേർക്ക് വയറിളക്കം ബാധിച്ചു. വേനൽമഴക്കൊപ്പം എലിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളും പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
മഞ്ഞപ്പിത്തത്തിൽ വിറച്ച് വേങ്ങൂർ
ജില്ലയിൽ അങ്ങിങ്ങ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലാണ് രോഗബാധ കൂടുതലായി ഉള്ളത്. പ്രദേശത്ത് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആളുകളെങ്ങും ആശങ്കയിലാണ്. 200നടുത്ത് പേരാണ് ഇതിനകം രോഗം ബാധിച്ച് ചികിത്സ തേടിയതെന്ന് സമീപ വാസികൾ ചൂണ്ടിക്കാട്ടുന്നു. ദിവസങ്ങൾക്കു മുമ്പ് ഒരാൾ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുകയും ചെയ്തതോടെ പ്രദേശത്താകെ ഭീതി നിറഞ്ഞു. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിലെ പാളിച്ചയാണ് രോഗ കാരണമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിരുന്നു. നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ഗ്രാമപഞ്ചായത്തുമെല്ലാം ഇടപെട്ട് പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.
പനി നിസ്സാരമാക്കല്ലേ
പനിയെ വെറും പനിയല്ലേ എന്നു കരുതി വീട്ടിൽതന്നെ ചികിത്സിച്ചു മാറ്റാൻ ശ്രമിച്ചാൽ പണി കിട്ടും. കൃത്യസമയത്ത് വൈദ്യസഹായം തേടിയില്ലെങ്കിൽ വെറും പനി, വലിയ അപകടത്തിലേക്ക് വഴിതെളിയിക്കും. സ്വയം ചികിത്സിക്കാതെ ഡോക്ടറെ കണ്ടു മരുന്നു വാങ്ങി കഴിക്കുക, ആവശ്യത്തിന് വിശ്രമിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക, കൊതുക് പെറ്റു പെരുകാനുള്ള സാഹചര്യം ഒഴിവാക്കുക, തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.