പ്രതിപക്ഷം ഇന്ന് വഞ്ചിയിറക്കി പ്രതിഷേധിക്കും; ചളിക്കുളമായി അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്
text_fieldsഅങ്കമാലി: ചാറ്റൽമഴ പെയ്താൽ പോലും ചളിക്കുളമാകുന്ന അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർ വലയുന്നു. രൂക്ഷമായ വെള്ളക്കെട്ട്മൂലം ഏറെനാളായി യാത്രക്കാർ ദുരിതം നേരിടുകയാണ്. സ്റ്റാൻഡിനകത്ത് ഉടനീളം രണ്ട് കവാടങ്ങളിലും ഭീമൻ കുഴികളാണ്. ഇവിടെ ചെറിയ മഴ പെയ്താൽ പോലും വെള്ളം കുഴിയിൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ബസിൽ ഓടിക്കയറുന്നവരും ഇറങ്ങുന്നവരും ചളിവെള്ളത്തിൽപ്പെടുന്നത് പതിവാണ്. സ്റ്റാൻഡിൽ പ്രവേശിക്കുന്ന ബസുകൾ യാത്രക്കാരുടെ മുന്നിലേക്ക് കറങ്ങിത്തിരിഞ്ഞ് വരുമ്പോൾ തിരമാല പോലെ ഉയർന്ന് യാത്രക്കാരുടെ വസ്ത്രത്തിൽ ചളിവെള്ളം തെറിക്കുന്നതായും പരാതിയുണ്ട്. സ്ത്രീകളും വയോധികരുമടക്കമുള്ള യാത്രക്കാർ ചളിക്കുഴിയിൽ തെന്നിവീഴുന്നതും പതിവാണത്രെ. ശൗച്യാലയ ടാങ്കും മാലിന്യക്കുഴിയും നിറഞ്ഞുകവിഞ്ഞ് നിരത്തിൽ വ്യാപിക്കുന്നത് മൂലം അസഹ്യ ദുർഗന്ധത്തിനും കാരണമാകുന്നുണ്ടത്രെ.
ബി.ഒ.ടി അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി 2006ൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ച സംസ്ഥാനത്ത് ആദ്യമായി നിർമാണം പൂർത്തീകരിച്ച വ്യാപാര, വിനോദ സ്ഥാപനങ്ങൾ ഉൾപ്പെട്ട സമുച്ചയവുമാണ്
അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന ജില്ല അതിർത്തി പങ്കിടുന്ന പ്രധാന പട്ടണമായ അങ്കമാലിയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിത്യവും ആയിരക്കണക്കിന് യാത്രക്കാർക്കാണ് സഹായമാകുന്നത്. തൃശൂർ മുതൽ വടക്കോട്ടും എറണാകുളം, കോട്ടയം വഴി പോകുന്ന ദീർഘദൂര ബസുകളും ഇടുക്കി ഹൈറേഞ്ച് ഏരിയയിലേക്ക് പോകുന്ന ബസുകളും അങ്കമാലി സ്റ്റാൻഡിൽ കയറിയാണ് കടന്നുപോകുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ വന്നുപോകുന്നത്. ഇടതടവില്ലാതെ ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡിൽ മഴപെയ്താൽ വാഹനങ്ങൾക്കും യാത്രക്കാർക്കും തീരാദുരിതമാണ്. ടയറുകൾ കാണാനാവാത്തവിധം വെള്ളക്കെട്ടിലൂടെയാണ് ഓരോ വണ്ടിയും സ്റ്റാൻഡിൽ കയറിയിറങ്ങുന്നത്. യാത്രക്കാർക്ക് വണ്ടിയിൽ കയറാൻ വഞ്ചി ഉപയോഗിക്കേണ്ട അവസ്ഥ.
പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട എം.എൽ.എ അടക്കമുള്ളവരുടെ തികഞ്ഞ അനാസ്ഥയാണ് ശോച്യാവസ്ഥക്ക് കാരണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് കുറ്റപ്പെടുത്തി. പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമരത്തിന്റെ മുന്നോടിയായി നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ വെള്ളിയാഴ്ച സ്റ്റാൻഡിലെ ചളിക്കുളത്തിൽ വഞ്ചിയിറക്കി പ്രതിഷേധിക്കുമെന്നും ഏല്യാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.