അങ്കമാലി–കുണ്ടന്നൂർ ബൈപാസ്: മൂന്ന് (എ) വിജ്ഞാപനം പ്രസിദ്ധീകരിച്ചു, പ്രാഥമിക അലൈൻമെൻറിൽ മാറ്റംവരുത്തിയേക്കും
text_fieldsകൊച്ചി: അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപാസ് നിർമാണത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായുള്ള മൂന്ന് (എ) വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ ഭൂമിയേറ്റെടുക്കൽ സർവേയും പദ്ധതി ബാധിക്കുന്ന കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണവും വൈകാതെയുണ്ടാകും.
സേലം-കൊച്ചി ദേശീയപാത (എൻ.എച്ച്-544) വികസനത്തിെൻറ ഭാഗമായാണ് 44.7 കി.മീ. ദൈർഘ്യത്തിൽ അങ്കമാലി-കുണ്ടന്നൂർ ആറുവരിപ്പാത ദേശീയപാത അതോറിറ്റിയുടെ കീഴിൽ നിർമിക്കുന്നത്. അങ്കമാലിക്കടുത്ത് കരയാമ്പറമ്പിൽനിന്ന് തുടങ്ങുന്ന പുതിയ ബൈപാസ് വേങ്ങൂർ, മറ്റൂർ, ചെങ്ങൽ, പുതിയേടം, തിരുനാരായണപുരം, മഞ്ഞപ്പെട്ടി, പൂക്കാട്ടുപടി, കിഴക്കമ്പലം, കൊച്ചിൻ റിഫൈനറി, തൃപ്പൂണിത്തുറ, മരട് എന്നിവിടങ്ങളിലൂടെയാണ് കുണ്ടന്നൂരിൽ അവസാനിക്കുക. ദിവസങ്ങൾക്കുമുമ്പാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ദേശീയപാത അതോറിറ്റി പുറപ്പെടുവിച്ചത്.
അങ്കമാലി-കുണ്ടന്നൂർ ബൈപാസ് നിർമാണത്തിനൊപ്പം മണ്ണുത്തി-കരയാംപറമ്പ് റോഡ് ആറുവരിപ്പാതയാക്കുന്നതുൾപ്പടെ വലിയ പദ്ധതിയാണ് എൻ.എച്ച്.എ.ഐയുടെ കീഴിൽ ഒരുങ്ങുന്നത്. പ്രാഥമിക അലൈൻമെൻറ് പരിഷ്കരിക്കുന്നതിെൻറ ഭാഗമായി സർവേ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കാനിരിക്കുകയാണ് അധികൃതർ. പ്രദേശവാസികളുടെയും ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെയും അവശ്യ, നിർദേശങ്ങൾ പരിഗണിച്ചായിരിക്കും തുടർനടപടികളെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. 413 ഹെക്ടർ ഭൂമിയാണ് ഇരുപദ്ധതികൾക്കുമായി ആവശ്യമുള്ളത്. ഇതിൽ 149.65 ഹെക്ടർ ഭൂമി ലഭ്യമാണ്, ഇനി കണ്ടെത്തേണ്ടത് 263.39 ഹെക്ടറും.
പരമാവധി വീടുകളെയും കെട്ടിടങ്ങളെയും ബാധിക്കാത്ത തരത്തിലായിരിക്കും നിർമാണപ്രവർത്തനങ്ങളെന്ന് എൻ.എച്ച്.എ.ഐ ആവർത്തിക്കുമ്പോഴും ഇതെത്രമാത്രം പ്രാവർത്തികമാകുമെന്ന ആശങ്ക കാലടി, കാഞ്ഞൂർ പ്രദേശവാസികളിൽ നിലനിൽക്കുന്നുണ്ട്.
പ്രാഥമിക അലൈൻമെൻറ് പ്രകാരം റോഡ് കടന്നുപോകുന്നതേറെയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലൂടെയാണ്. കാഞ്ഞൂർ, കാലടി പഞ്ചായത്തുകളിലായി അഞ്ഞൂറോളം കുടുംബങ്ങളെയാണ് നിർമാണം ബാധിക്കുക. ഇക്കാര്യം ചൂണ്ടിക്കാട്ടിയും ഭൂമിയേറ്റെടുക്കലിൽനിന്ന് പരമാവധി വീടുകളെയും കെട്ടിടങ്ങളെയും ഒഴിവാക്കുന്നതിനുള്ള പിന്തുണ സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകണമെന്നാവശ്യപ്പെട്ടും അങ്കമാലി-കുണ്ടന്നൂർ ൈബപാസ് ആക്ഷൻ കൗൺസിലും പഞ്ചായത്ത് അധികൃതരുമുൾെപ്പടെ കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കണ്ടിരുന്നു. ദേശീയപാത അധികൃതർക്കൊപ്പം കൂടിയിരുന്ന് ചർച്ച നടത്താനുള്ള അവസരം ഒരുക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ആക്ഷൻ കൗൺസിൽ കൺവീനർ സജി കുടിയിരിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.