അങ്കമാലിയിലെ വെള്ളക്കെട്ട്: നഗരസഭ ചെയർമാനും സംഘവും കാന പരിശോധിച്ചു
text_fieldsഅങ്കമാലി: നഗരത്തിൽ വെള്ളക്കെട്ടിനിടയാക്കുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ നഗരസഭ ചെയര്മാന് മാത്യു തോമസിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും വ്യാപാരി സംഘടന പ്രതിനിധികളും ഉദ്യോഗസ്ഥരും കാനകള്‍ പരിശോധിച്ച് വിലയിരുത്തി. ശക്തമായ മഴയെത്തുടർന്ന് ദേശീയപാതയിലും എം.സി റോഡിലും മാർക്കറ്റ് റോഡിലും സമീപളിലും വെള്ളക്കെട്ടുണ്ടാവുകയും തുടർന്ന് ഗതാഗത തടസ്സവും മാർക്കറ്റ് റോഡ് അടച്ചിടുകയും ചെയ്തു. പ്രശ്നത്തെ ചൊല്ലി വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
നീരൊഴുക്കിന് തടസ്സമുണ്ടാകുന്ന പ്രദേശങ്ങളിലെ കാനകള്‍ക്ക് മുകളിലെ സ്ലാബുകൾ ഇളക്കി മാറ്റി പരിശോധിച്ചെങ്കിലും ഒരിടത്തും കാനകളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് കണ്ടെത്താനായില്ല. കൂടുതൽ ആഴവും വീതിയുമുണ്ടായിരുന്ന കാനകള്‍ പലയിടത്തും അശാസ്ത്രീയമായി ആഴവും വീതിയും കുറച്ച് പുനർനിർമിച്ചതും കാനകള്ക്കുള്ളിലൂടെ പൈപ്പുകള്‍ സ്ഥാപിച്ച് വ്യാപ്തികുറച്ചതും നീരൊഴുക്കിന് തടസ്സമായതായി കണ്ടെത്തി.
അതിനിടെ ചില കച്ചവട സ്ഥാപനങ്ങളുടെയും വീടിന്റെയും ഭാഗങ്ങള്‍ കാനകള്‍ക്ക് മുകളിലുള്ള സ്ലാബില്‍ സ്ഥിതി ചെയ്യുന്നതായി കണ്ടെത്തി. ക്യാമ്പ് ഷെഡ് റോഡിനോടനുബന്ധിച്ച് വിവിധ ദിശകളില്‍ കാനകളിലൂടെ ഒഴുകിയിരുന്ന വെള്ളം ഒരേ ദിശയിലേക്കാക്കി പുനഃക്രമീകരിച്ചതും വെള്ളക്കെട്ടിന് കാരണമായതായി കണ്ടെത്തി. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ചെയര്മാന് അറിയിച്ചു. നഗരസഭ വൈസ് ചെയര്പേഴ്സൻ റീത്ത പോള്‍, സ്ഥിരംസമിതി അധ്യക്ഷരായ സാജു നെടുങ്ങാടന്‍, ബാസ്റ്റിന് ഡി. പാറയ്ക്കല്‍, മുന്‍ ചെയര്മാന് ഷിയോ പോള്‍, കൗണ്‍സിലര്‍മാരായ പോള്‍ ജോവര്‍, മാര്ട്ടിന് ബി. മുണ്ടാടന്‍, എ.വി. രഘു, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രതിനിധികളായ ഡാന്റി കാച്ചപ്പിള്ളി, ജോബി കുര്യാക്കോസ്, പോള്‍സണ്‍, കെ.കെ. ജോഷി, ഡാവി വര്‍ഗീസ്, ബൈജു പാരീസ്, ക്ലീന്‍ സിറ്റി മാനേജര്‍ ആർ. അനില്‍ തുടങ്ങിയവരും പരിശോധന സംഘത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.