അധികൃതർക്ക് നിസ്സംഗത; ഭീഷണിയായി സാമൂഹികവിരുദ്ധർ
text_fieldsകൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി പരിസരം, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, ചിറ്റൂർ റോഡ്... ജനങ്ങൾ രാത്രികാലങ്ങളിൽ ഒറ്റക്ക് നടക്കാൻ ഭയക്കുന്നയിടങ്ങളാണിവിടം. സാമൂഹികവിരുദ്ധരുടെ താവളങ്ങളായി മാറിയിരിക്കുകയാണ് പ്രദേശങ്ങൾ.
പോക്കറ്റടി മുതൽ അക്രമങ്ങൾ വരെയാണ് അരങ്ങേറുന്നത്. അറുപതുകാരനെ ലോഡ്ജിൽ അജ്ഞാതർ ആക്രമിച്ച് കവർച്ച നടത്തിയ സംഭവം കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി പരിസരത്തുണ്ടായത്. വാതിലിൽ മുട്ടിയ ആളുകൾ ഇരയെ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
വസ്ത്രങ്ങൾ വലിച്ചുകീറി പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പോക്കറ്റടി സംഘങ്ങളും വാഹന മോഷ്ടാക്കളും വിലസുന്നുണ്ട്. അംബേദ്കർ സ്റ്റേഡിയത്തിലും ഒറ്റപ്പെട്ട റെയിൽവേ സ്റ്റേഷൻ റോഡിലും രാത്രികാലങ്ങളിൽ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സാമൂഹികവിരുദ്ധർ തമ്പടിക്കുന്നുണ്ട്.
കലൂർ സ്റ്റാൻഡും അംബേദ്കർ സ്റ്റേഡിയവും ക്രിമിനലുകളുടെ താവളം
രാപ്പകൽ ഭേദമന്യേ സാമൂഹികവിരുദ്ധരുടെ താവളമാണ് കലൂർ സ്റ്റാൻഡ്. ഇക്കൂട്ടത്തിൽ സ്ത്രീകളുമുണ്ട്. ഇവിടെ ലഹരി ഇടപാടുകളും പിടിച്ചുപറിയും പോക്കറ്റടിയും നടക്കുന്നത് പരസ്യമായാണ്. ബസുകളിൽ കൃത്രിമമായി തിരക്ക് സൃഷ്ടിച്ചാണ് പോക്കറ്റടിയും മൊബൈൽ മോഷണവും നടത്തുന്നത്. ഇവർ തമ്മിലുള്ള സംഘർഷവും കൈയാങ്കളിയും പതിവുകാഴ്ചയാണ്.
അംബേദ്കർ സ്റ്റേഡിയമാകട്ടെ സന്ധ്യ മയങ്ങിയാൽ ലഹരിമാഫിയയുടെയും അനാശാസ്യ പ്രവർത്തകരുടെയും താവളമാണ്. ഒരു വർഷത്തിനിടെ ഇവിടം കേന്ദ്രീകരിച്ച് ഒന്നിലധികം കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കുള്ള യാത്രക്കാരാണ് ഇവിടം കേന്ദ്രീകരിക്കുന്ന ക്രിമിനലുകളുടെ ഇരകൾ.
തലവേദനയായി വ്യാജ പിരിവുകാർ
മലയാളികളുടെ ദാനശീലം മുതലാക്കി വിവിധ പേരുകളിലെത്തുന്ന വ്യാജപിരിവുകാരാണ് മറ്റൊരു തലവേദന. ബസ് സ്റ്റാൻഡുകളിലും സ്റ്റോപ്പുകളിലും ആളുകളെ തേടിയെത്തുന്ന വ്യക്തിഗത പരിവുകാർ മുതൽ ഇല്ലാത്ത സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പേരിൽ വ്യാജ നോട്ടീസുകളും രസീതുകളും അച്ചടിച്ച് പിരിവ് നടത്തുന്നവരും ഏറെയുണ്ട്. ഇവരിൽ ഭൂരിഭാഗത്തിനും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.
മാരകരോഗം ബാധിച്ചവർക്ക് ചികിത്സാസഹായമെന്ന പേരിലും ബധിര, മൂക, അന്ധ സംഘടനകളുടെ മുതൽ കുഷ്ഠരോഗികൾക്ക് ആശ്വാസം പകരാനെന്നപേരിലും പിരിവുകളുമായി ഇവർ എത്താറുണ്ട്. നോട്ടീസിലോ രസീതിലോ നൽകിയ നമ്പറിൽ വിളിച്ചാൽ മിക്കവാറും സ്വിച്ഡ് ഓഫായിരിക്കും. അല്ലെങ്കിൽ സംഘാംഗങ്ങളിൽ ആരുടെയെങ്കിലും ആയിരിക്കും. കബളിപ്പിക്കപ്പെടുകയാണെന്നറിഞ്ഞാലും പരാതി നൽകാൻ ഇരകൾ തയാറാകാത്തത് ഇവർക്ക് വളമാകുകയാണ്.
ആലുവയിൽ സാമൂഹിക വിരുദ്ധരും കുറ്റവാളികളും നിറയുന്നു
ആലുവ: കുറ്റവാളികൾക്കും സാമൂഹിക വിരുദ്ധർക്കും സുരക്ഷിത താവളമാണ് ആലുവ ടൗൺ. യാചകരുടെയും നാടോടികളുടെയും മറവിലാണ് വിവിധ നാടുകളിൽനിന്ന് ഇത്തരക്കാർ ഇവിടേക്ക് ചേക്കേറിയിട്ടുള്ളത്. തെരുവിൽ കഴിയാൻ വിപുലമായ സൗകര്യങ്ങളും മൂന്നുനേരം സൗജന്യ ഭക്ഷണവും കിട്ടുമെന്നതിനാൽ ധാരാളം പേരാണ് നഗരത്തിൽ തങ്ങുന്നത്. കൊടും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ട്.
എന്നാൽ, ഇവരെ കണ്ടെത്താനോ തുരത്താനോ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. കഴിഞ്ഞ വർഷം അന്തർസംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി അസഫാഖ് ആലം മാർക്കറ്റ് പ്രദേശത്ത് തമ്പടിച്ചിരുന്നയാളാണ്. 2018ൽ ഡൽഹി ഗാസീപൂരിൽ 10 വയസ്സുള്ള കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയാണ് ഇയാൾ ഇവിടെ വിലസിയത്.
ബസ്സ്റ്റാൻഡ് സാമൂഹികവിരുദ്ധരുടെയും ലഹരിസംഘങ്ങളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തിലായിട്ട് കാലങ്ങളായി. സന്ധ്യയായാൽ ഇവിടേക്ക് കടന്നുചെല്ലാനാവാത്ത അവസ്ഥയാണ്. മൂവാറ്റുപുഴ ടൗണിൽ സാമൂഹികവിരുദ്ധശല്യം രൂക്ഷമാണ്. പുഴയോര നടപ്പാത, അടച്ചുപൂട്ടിയ മത്സ്യമാർക്കറ്റ്, അറവുശാല, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ശല്യം രൂക്ഷമായത്.
മത്സ്യമാർക്കറ്റിൽ കഴിഞ്ഞദിവസം സാമൂഹികവിരുദ്ധ സംഘം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത് വിവാദമായിരുന്നു. പരാതിയെത്തുടർന്ന് ചെയർമാൻ അടക്കമുള്ളവർ സ്ഥലത്ത് എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. മദ്യപിച്ച് നടുറോഡിൽ അഴിഞ്ഞാടുന്നതും പതിവാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകാത്തതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം.
പെരുമ്പാവൂരിൽ ക്രിമിനലുകൾ തമ്പടിക്കുന്നു
പെരുമ്പാവൂര്‍: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡും കെ.എസ്.ആര്.ടി.സി സ്റ്റാൻഡും സുഭാഷ് മൈതാനവും കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. കുറ്റകൃത്യങ്ങളില്‍ പ്രതികളായവരാണ് മിക്കയിടങ്ങളിലും തമ്പടിക്കുന്നത്. അന്തര്‍ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് സ്റ്റാൻഡിലും പി.പി റോഡിലും എത്തുന്ന സംഘം പണവും ഫോണും പിടിച്ചുപറിച്ചെടുത്ത ശേഷം മർദിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്.
മയക്കുമരുന്നിന് അടിമകളായ ചിലര്‍ പകല്‍ സമയങ്ങളില്‍ പോലും പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒഴിഞ്ഞ ഭാഗങ്ങളില്‍ തങ്ങുന്നു. കെ.എസ്.ആര്.ടി.സി സ്റ്റാൻഡില്‍ രാത്രിയിലാണ് ഇക്കൂട്ടരുടെ ശല്യമുള്ളത്. സുഭാഷ് മൈതാനത്ത് പകലും രാത്രിയിലും സാമൂഹികവിരുദ്ധര്‍ തങ്ങുന്നത് സമീപത്തെ ഗവ. ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും പ്രദേശത്തെ വ്യാപാരികള്‍ക്കും ഭീഷണിയാണ്.
മൈതാനത്ത് സ്ഥിരമായി തങ്ങുന്നത് അന്തര്‍ സംസ്ഥാനക്കാരാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്‍പ്പനക്കാരും ഇക്കൂട്ടത്തിലുണ്ട്. ഇത് സംബന്ധിച്ച് പരാതി വ്യാപകമാണെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര ഇടപെടലില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.