ജിഡ അധികൃതരുടെ അനാസ്ഥ; രണ്ടര വർഷം പിന്നിട്ടിട്ടും തീരാതെ 350 മീറ്റർ റോഡ് നിർമാണം
text_fieldsകൊച്ചി: അപ്രോച് റോഡിനുള്ള കാത്തിരിപ്പിനൊടുവിൽ പിഴലക്കാർ സമരത്തിറങ്ങുന്നു. കടമക്കുടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലായി ഉൾപ്പെടുന്ന പിഴല ദ്വീപ് നിവാസികളാണ് ജിഡ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധ രംഗത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 10 മുതൽ ജിഡ ഓഫിസിന് മുന്നിൽ രാപ്പകൽ സമരം ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ 10ന്സമരം അവസാനിപ്പിക്കും.
ഏഴ് വർഷം നീണ്ട പാലം നിർമാണം
ഏഴായിരത്തിയഞ്ഞൂറോളം ജനങ്ങൾ തിങ്ങി താമസിക്കുന്ന പിഴല ദ്വീപിലെ ജനങ്ങൾ എന്തിനും ഏതിനും ആശ്രയിക്കുന്നത് കൊച്ചി നഗരത്തേയാണ്. ആയിരക്കണക്കിന് പേർ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനാവശ്യാർഥം എത്തുന്നുണ്ട്. നൂറുകണക്കിന് പേർ വിവിധ തൊഴിലുകൾക്കായും നഗരത്തിലേക്കെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ദ്വീപിനെ നഗരവുമായി ബന്ധിപ്പിക്കുന്ന പാലമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
ഇതിന്റെ തുടർച്ചയായാണ് പാലം നിർമാണത്തിന് ഗോശ്രീ ദ്വീപ് വികസന അതോറിറ്റി അനുമതി നൽകുന്നത്. ഒടുവിൽ 2013 ഡിസംബർ 19ന് പാലം നിർമാണം ആരംഭിച്ചു.
18 മാസംകൊണ്ട് പൂർത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, നീണ്ടത് വർഷങ്ങളാണ്. സഹികെട്ട ജനങ്ങൾ പ്രതിഷേധവുമായിറങ്ങിയതോടെയാണ് ഏഴ് വർഷത്തിന് ശേഷം നിർമാണം പൂർത്തിയാക്കി പാലം തുറന്ന് നൽകിയത്.
ത്രിശങ്കുവിലായി അപ്രോച് റോഡ് നിർമാണം
നിർമാണം പൂർത്തിയാകുമ്പോഴും പാലത്തിൽനിന്ന് പിഴലയിലേക്കുള്ള അപ്രോച് റോഡില്ലാത്തതാണ് തിരിച്ചടിയായത്. അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള ദ്വീപിൽ രണ്ടര മീറ്ററിൽ താഴെയാണ് റോഡിന് വീതി. ഇതുമൂലം പാലം വരെ മാത്രമാണ് വാഹനങ്ങൾ വരുന്നത്.
അതിലൂടെ വരുന്ന നാട്ടുകാർക്ക് പാലത്തിൽ കയറി നഗരത്തിലെത്തണമെങ്കിൽ അപ്രോച് റോഡ് വേണം. ആവശ്യം ശക്തമായതോടെ 350 മീറ്റർ നീളമുള്ള അപ്രോച് നിർമാണവും ആരംഭിച്ചു. എന്നാൽ, രണ്ടര വർഷം പിന്നിടുമ്പോഴും ഇതെങ്ങുമെത്താത്തതാണ് നാട്ടുകാർക്ക് തീരാദുരിതം സമ്മാനിക്കുന്നത്.
രണ്ടോ മൂന്നോ മാസംകൊണ്ട് തീർക്കാവുന്ന പ്രവൃത്തികളാണ് കരാറുകാരനും ജിഡ അധികൃതരും തമ്മിലുളള ഈഗോയിൽ എങ്ങുമെത്താതെ കിടക്കുന്നത്.
വാഗ്ദാനം ജലരേഖ; ഒടുവിൽ സമരം
റോഡ് ശോച്യാവസ്ഥ സംബന്ധിച്ച് ജിഡ അധികൃതരോട് പലവട്ടം പരാതികൾ പറഞ്ഞെങ്കിലും അവഗണനയായിരുന്നു ഫലം. ഒടുവിൽ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ,അതും ജലരേഖയായി. കാൽ ഭാഗം പോലും പ്രവൃത്തികൾ പൂർത്തിയാക്കാതെ വന്നതോടെയാണ് രാപ്പകൽ സമരവുമായി പിഴല 350 മീറ്റർ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്ത് വന്നത്. പെരിയാറിനാൽ ചുറ്റപ്പെട്ട ദ്വീപിലെ ജനങ്ങൾക്ക് സഞ്ചരിക്കാൻ കുറ്റമറ്റ റോഡ് വേണമെന്നതാണ് ഇവരുടെ ആവശ്യം. അപ്രോച് റോഡ് നിർമാണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.