അപ്രോച്ച് റോഡ് നിർമാണം ഇഴയുന്നു; പൊടിശല്യം രൂക്ഷം
text_fieldsഫോർട്ട്കൊച്ചി: മട്ടാഞ്ചേരി -ഫോർട്ട് കൊച്ചി കരകളെ ബന്ധിപ്പിക്കുന്ന ചുങ്കം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം ഇഴയുന്നത് നാട്ടുകാർക്കും, ടൂറിസ്റ്റുകൾക്കും ദുരിതം വിതക്കുന്നു. നിർമാണം വൈകുന്നത് മൂലം കനത്ത പൊടി ശല്യമാണിവിടെ. നാട്ടുകാരും കച്ചവടക്കാരും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ശ്വാസസംബന്ധമായ അസുഖങ്ങൾ മൂലം കുട്ടികളടക്കം ആശുപത്രി കയറിയിറങ്ങുകയാണ്. ജില്ല കലക്ടർ, നിർമാണം നടത്തുന്ന സി.എസ്.എം.എൽ അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
പുനർനിർമാണം ആരംഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് ചുങ്കം പാലം നിർമാണം പൂർത്തീകരിച്ചത്. നിർമാണം പൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡ് നിർമാണത്തിന്റെ വേഗത ഒച്ചിഴയുന്നത് പോലെയാണ്. ഇത് മൂലം വാഹനങ്ങളും പ്രയാസപ്പെട്ടാണ് സർവിസ് നടത്തുന്നത്. ടൂറിസം മേഖല കൂടിയായ ഈ ഭാഗത്തേക്ക് എത്തുന്ന സഞ്ചാരികളും ദുരിതം പേറുകയാണ്. പൊടിശല്യം മൂലം കടകൾ പലതും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അപ്രോച്ച് റോഡ് നിർമാണം അടിയന്തിരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.