കാപ്പ ചുമത്തി നാടുകടത്തിയിട്ടും രക്ഷയില്ല; ഉത്തരവ് ലംഘിച്ച് തിരികെയെത്തി യുവാവിനെ അക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsപനങ്ങാട്: കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ജില്ല പരിധിയിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ച് തിരിച്ചെത്തി യുവാവിനെ അക്രമിച്ച കേസിൽ അറസ്റ്റിലായി. എളംകുളം ചിലവന്നൂർ കോർപ്പറേഷൻ കോളനി കളങ്ങരത്തി വീട്ടിൽ സുനീഷിനെ (28) ആണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം സഹോദരനെ കൊലപ്പെടുത്തിയതിന് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായതിനെ തുടർന്ന് സുനീഷിനെ ആഗസ്റ്റ്മുതൽ ആറുമാസത്തേക്ക് കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ അധികാര പരിധിയിൽ കയറുന്നതിൽ നിന്നും, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ നാടുകടത്തപ്പെട്ട പ്രതി നവംബർ 27ന് ഉച്ചക്ക് രണ്ടോടെ കുമ്പളം സെൻട്രലിലെ ഒരു വീട്ടിൽ ബൈക്കിലെത്തി അവിടെയുണ്ടായിരുന്ന ചന്തു എന്ന യുവാവിനെ മുൻവിരോധത്താൽ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പനങ്ങാട് പോലീസ് സ്റ്റേഷനിൽ മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനും, കാപ്പ വിലക്ക് ലംഘിച്ചതിനും രണ്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അക്രമത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ, കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം എറണാകുളം അസി. പൊലീസ് കമീഷണർ പി. രാജ്കുമാറിന്റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച സ്പെഷൽ ടീം കോട്ടയം കടുത്തുരുത്തി മാൻവെട്ടത്ത് നിന്നാണ് പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെയും കടുത്തുരുത്തി സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരുടേയും സഹായത്താൽ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പനങ്ങാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുനീറിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ ശ്രീജിത്ത്, സി.പി.ഒമാരായ അരുൺ രാജ്, പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.