അത്താണിക്കുണ്ടൊരു അത്താണിക്കഥ: പ്രഫ. പി. കേശവൻകുട്ടിയാണ് അത്താണിക്ക് പുതുജീവൻ പകർന്നത്
text_fieldsഅത്താണി: ലോക ഭൂപടത്തിൽ സ്ഥാനംപിടിച്ച നെടുമ്പാശ്ശേരിയിലെ അത്താണിയിൽ തലഉയർത്തി നിൽക്കുന്ന അത്താണിക്ക് പറയാനുള്ളത് പഴമയുടെ ചരിത്രം. കരവിരുതിലൂടെ അത്താണിയുടെ മനോഹര കഥപറയുന്ന ശിൽപം പൂർത്തിയാക്കിയതാകട്ടെ കൈരളിയുടെ അഭിമാന കലാകാരൻ പ്രഫ. പി. കേശവൻകുട്ടിയും. 'നെടുമ്പായി'എന്ന ചുരുക്കപ്പേരുള്ള നെടുമ്പാശ്ശേരി മൂന്നരപതിറ്റാണ്ട് മുമ്പുവരെ നെല്ലും, പച്ചക്കറി കൃഷികളും സമൃദ്ധമായ കാർഷിക വിളഭൂമിയായിരുന്നു.
കാർഷിക വിളകൾ തലയിലേന്തി കിലോമീറ്ററുകൾ താണ്ടിയായിരുന്നു സമീപപ്രദേശങ്ങളായ അങ്കമാലി, എളവൂർ ചന്തകളിലടക്കമെത്തിച്ച് വിപണനം നടത്തിയിരുന്നത്.
കർഷകന് ഭാരം ഇറക്കിവെച്ച് അൽപസമയം വിശ്രമിക്കാൻ ഭൂവുടമകളുടെ കൂട്ടായ്മ അക്കാലത്ത് വിവിധ പ്രദേശങ്ങളിൽ തൂണുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകളോ കല്ലുകളോ ആയിരുന്നു അത്താണികൾ. കാലം പുരോഗമിച്ചതോടെ കാർഷിക മേഖലയിലും മാറ്റം വന്നു. നെടുമ്പാശ്ശേരിയെന്ന കാർഷിക വിളഭൂമിയും ലോേകാത്തര വിമാനത്താവളമായി വികസിച്ചു.
കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും നിലംപൊത്തിയ അത്താണിയുടെ അവശിഷ്ടങ്ങൾ വഴിയോരത്ത് തടസ്സമായിക്കിടന്നു.
10 വർഷം മുമ്പ് പഞ്ചായത്തധികാരികൾ നവീകരണത്തിന് പദ്ധതി ആവിഷ്കരിച്ചു. സ്വകാര്യ കമ്പനിയുടെ സ്പോൺസർഷിപ്പിൽ സൗന്ദര്യവത്കരണമായിരുന്നു പ്രധാന ലക്ഷ്യം. അത്താണിയുടെ ചരിത്രം വിളിച്ചോതുന്ന ശിൽപം സ്ഥാപിക്കാനും തീരുമാനിച്ചു.
അതിനായി പല ശിൽപികളെയും സമീപിച്ചെങ്കിലും നടന്നില്ല. ഈ സന്ദർഭത്തിലാണ് കൽപക നഗറിൽ സ്ഥിരതാമസമാക്കിയ മാവേലിക്കര സ്വദേശിയായ ശിൽപിയും ഫൈൻ ആർട്സ് കോളജ് പ്രഫസറുമായിരുന്ന പ്രഫ. പി. കേശവൻകുട്ടിയെ സമീപിക്കുന്നത്. അദ്ദേഹം സമ്മതം മൂളിയതോടെ ഒരുമാസക്കാലത്തെ വിശ്രമമില്ലാത്ത അധ്വാനത്തിെൻറ പരിണിതഫലമായി നാൽക്കവലയിലെ വട്ടത്തറയിൽ തണൽമരത്തിന് സമീപം 10 അടിയോളം ഉയരത്തിൽ ശിൽപം പിറവിയെടുത്തു.
'കാർഷിക വിളകൾ അത്താണിയിൽ ഇറക്കിവെച്ച് വിശ്രമിക്കുന്ന കർഷകെൻറ' മനോഹരക്കാഴ്ചയാണിത്. തിരുവനന്തപുരം പൊന്നറയിൽ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന പൊന്നറ ശ്രീധറിെൻറ വെങ്കല പ്രതിമ, കായംകുളത്തെ കെ.പി.എ.സി നാടക ആസ്ഥാനത്തിന് മുന്നിലെ അധ്വാനിക്കുന്ന തൊഴിലാളി വർഗപ്രതീതിയുയർത്തുന്ന പ്രതിമ അടക്കം കേശവൻകുട്ടിയുടെ വലുപ്പമേറിയ ശിൽപങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.