ഡി.ജെ പാർട്ടിക്കിടയിൽ ആക്രമണം: രണ്ടുപേർ പിടിയിൽ
text_fieldsകൊച്ചി: കടവന്ത്ര ഒലിവ് ഡൗൺടൗൺ ഹോട്ടലിൽ ഡി.ജെ പാർട്ടിക്കിടെ ജീവനക്കാരനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ആലങ്ങാട് കോട്ടപ്പുറം കരിയാട്ടി ലിജോയ് കെ. സിജോ(23), മാളികംപീടിക വടക്കേടം നിതിൻബാബു (22) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹോട്ടൽ ജീവനക്കാരനായ കോട്ടയം കിളിരൂർ നെറിയന്തറ കിഴക്കേച്ചിറ റോണി കുര്യനാണ് കുത്തേറ്റത്. സംഭവശേഷം കടന്നുകളഞ്ഞ മുഖ്യപ്രതി കരുമാലൂർ സ്വദേശി രാഹുലിനായി അന്വേഷണം തുടരുകയാണ്. ശനിയാഴ്ച നടന്ന ഡി.ജെ പാർട്ടിയിലേക്ക് പ്രതികളിൽ ഒരാളെ കയറ്റി വിടാത്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
നിരവധി കേസുകളിൽ ഉൾപ്പെട്ടവരും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണ് പ്രതികൾ. മയക്കുമരുന്നിന് അടിമകളായ പ്രതികൾ കൈയിൽ കരുതിയിരുന്ന പേനക്കത്തികൊണ്ടാണ് ആക്രമണം നടത്തിയത്. മൂന്നുപേരിൽ ഒരാൾക്ക് മദ്യപിക്കാനുള്ള പ്രായമായിട്ടില്ലെന്ന് കണ്ട് ജീവനക്കാർ അകത്ത് കടക്കാൻ അനുവദിക്കാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം.
തുടർന്ന് യുവാക്കളിലൊരാൾ മൂർച്ചയേറിയ പേനക്കത്തി ഉപയോഗിച്ച് മാനേജർ റോണിയെ കുത്തുകയായിരുന്നു. നെഞ്ചിൽ കുത്താൻ ശ്രമിക്കവെ ഒഴിഞ്ഞുമാറിയതുകൊണ്ട് ഇടതുകൈമുട്ടിന്റെ മുകൾ ഭാഗത്താണ് കുത്തുകൊണ്ടത്. കുത്തിയയാൾ കടന്നുകളഞ്ഞു. മറ്റ് രണ്ടുപേരെ പൊലീസ് സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.