അഴകിയകാവ് ക്ഷേത്രം ഭൂമി; ഫോർട്ട് കൊച്ചി ആർ.ഡി.ഒയുടെ ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: പള്ളുരുത്തിയിലെ അഴകിയകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡിന്റെ അപേക്ഷ തള്ളിയ ഫോർട്ട്കൊച്ചി ആർ.ഡി.ഒയുടെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ദേവസ്വം പുറമ്പോക്ക് ഭൂമി പതിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ അപേക്ഷയാണ് ഭൂമി പുറമ്പോക്കാണെന്ന് വ്യക്തമാക്കി കൊച്ചിൻ ആർ.ഡി.ഒ തള്ളിയത്.
ഈ ഉത്തരവ് ചോദ്യം ചെയ്ത് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിയും അഴകിയകാവ് ദേവസ്വം ഓഫിസറും നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ഹരജി തീർപ്പാകും വരെ ഈ ഭൂമിയിൽ ഒരു തരത്തിലുള്ള കൈയേറ്റവുമുണ്ടാകുന്നില്ലെന്ന് ജില്ല കലക്ടർ, ആർ.ഡി.ഒ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ സമയം തേടിയതിനെ തുടർന്ന് മറുപടി സത്യവാങ്മൂലം നൽകാൻ നാലാഴ്ച സമയം അനുവദിച്ച കോടതി ഹരജി വീണ്ടും നവംബർ 15ന് പരിഗണിക്കാൻ മാറ്റി.
രാമേശ്വരം വില്ലേജിൽ വിവിധ സർവേ നമ്പറുകളിലായി ഒമ്പതേക്കറിലധികം ഭൂമി അഴകിയകാവ് ദേവസ്വത്തിന് ഉണ്ടെന്നും അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കണമെന്നുമാവശ്യപ്പെട്ട് പള്ളുരുത്തി സ്വദേശി പി.എസ്. സുരേഷ് ബാബുവും ക്ഷേത്രഭൂമി സംരക്ഷണ സമിതിയും നൽകിയ ഹരജിയിലാണ് ഭൂമിയുടെ കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ആർ.ഡി.ഒക്ക് ഹൈകോടതി നിർദേശം നൽകിയത്.
എന്നാൽ, സെപ്റ്റംബർ ഏഴിന് ദേവസ്വം ബോർഡിന്റെ അപേക്ഷ ആർ.ഡി.ഒ തള്ളി. 1922ലെ കൊച്ചി ദിവാന്റെ ഉത്തരവിൽ പുറമ്പോക്കിനോട് ചേർന്ന ക്ഷേത്രക്കുളം, ഉത്സവ ഗ്രൗണ്ട്, റോഡ്, ലെയിൻ തുടങ്ങിയവ സർക്കാർ പുറമ്പോക്ക് എന്നതിന് പകരം ദേവസ്വം പുറമ്പോക്ക് എന്നാക്കണമെന്ന് പറയുന്നുണ്ട്. ഈ ഭൂമി ദേവസ്വം ഭൂമിയാണോയെന്ന കാര്യത്തിൽ രേഖകൾ പരിശോധിച്ച് ഹൈകോടതിക്ക് തീർപ്പുണ്ടാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. ഇക്കാര്യങ്ങളാണ് ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.