കൊച്ചി കൗൺസിലിലെ 'ബാക്ക്ബെഞ്ചർ', നർമത്തിൽ മുൻനിരക്കാരൻ
text_fieldsകൊച്ചി: കോർപറേഷനിൽ നർമം വിതറുന്ന 'ബാക്ക്ബെഞ്ചറായി' അരനൂറ്റാണ്ട് നിറഞ്ഞുനിന്ന കഥയാണ് കെ.എം. ഹംസക്കുഞ്ഞിേൻറത്. കോർപറേഷെൻറ പിറവിക്കുംമുേമ്പ 1966ൽ എറണാകുളം മുനിസിപ്പൽ കൗൺസിലറായി തുടങ്ങി 2020ൽ കാലാവധി അവസാനിച്ച ഭരണസമിതിയിൽ വരെ സജീവമായ ജീവിതം.
കൊച്ചിയുടെ മിടിപ്പുകളെല്ലാം മനഃപാഠമാക്കി അരനൂറ്റാണ്ടോളം നിറഞ്ഞുനിന്ന അദ്ദേഹത്തിെൻറ വിയോഗം നഗരത്തിനും നഷ്ടമായി.കൗൺസിൽ യോഗങ്ങളിൽ മുനിസിപ്പൽ ആക്ട് സംബന്ധിച്ച് മേയർമാരും സെക്രട്ടറിമാരും രാഷ്ട്രീയഭേദമന്യേ മറ്റ് കൗൺസിലർമാരുമൊക്കെ അവസാന വാക്കായി ഹംസക്കുഞ്ഞിനെ കണ്ടിരുന്നു. അദ്ദേഹം സംസാരിക്കാൻ എഴുന്നേറ്റാൽ എല്ലാവരും ആ വാക്കുകൾക്കായി കാതോർക്കും. അതിൽ ചിരിക്കാനും ചിന്തിക്കാനും എന്തെങ്കിലുമൊക്കെ കാണും. 15-20 മിനിറ്റു മാത്രം നീളുന്ന സംസാരത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വേണ്ടതൊക്കെ ഉണ്ടാകും.
രാഷ്ട്രീയം അനുസരിച്ച് എന്തിനെയും അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഹംസക്കുഞ്ഞ് തയാറായിരുന്നില്ലെന്ന് 15 വർഷം ഹംസക്കുഞ്ഞിനൊപ്പം കൗൺസിലിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് എ.ബി. സാബു ഓർക്കുന്നു. സ്വന്തം മുന്നണിയാണ് ഭരിക്കുന്നതെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ തുറന്നുപറയും. അവസാന ടേമിൽ വരെ ആരോഗ്യപ്രശ്നം മൂലമല്ലാതെ ഒരു കൗൺസിലിലും അദ്ദേഹം പങ്കെടുക്കാതെ ഇരുന്നിട്ടില്ല.
2000ത്തിൽ ദിനേശ് മണി മേയറായിരുന്ന കാലത്ത് കൗൺസിലിൽ കന്നിക്കാരനായ താൻ സസ്പെൻഡ് ചെയ്യപ്പെട്ടപ്പോൾ ചട്ടം പറഞ്ഞുതന്നത് ഹംസക്കുഞ്ഞായിരുെന്നന്നും സാബു പറഞ്ഞു. കോർപറേഷെൻറ ദുർചെലവുകളെപറ്റി പറയുേമ്പാഴെല്ലാം ഹംസക്കുഞ്ഞിെൻറ ഉപമ വരും -'പിച്ചക്കാരന് ലോട്ടറിയടിച്ചപോലെ' എന്ന്. പിന്നീട് കൗൺസിലിൽ പലരും ആ ഉപമതന്നെ ഉപയോഗിക്കാൻ തുടങ്ങി. ഇടക്കിടെ കേൾക്കുന്ന മറ്റൊരു ഹംസക്കുഞ്ഞ് കഥയാണ് അയൽക്കാരനെ പട്ടി കടിച്ച കഥ. പട്ടിയുടെ ഉടമയിൽനിന്നും കടിയേറ്റയാളിൽനിന്നും കൈക്കൂലി വാങ്ങിയ പൊലീസ് 'പട്ടി ഭീമാകാരനാണെങ്കിലും പല്ലില്ലായിരുെന്നന്ന്' എഫ്.ഐ.ആറിൽ എഴുതിയപോലെയാണ് കോർപറേഷെൻറ ചില നടപടികൾ എന്നും അദ്ദേഹം വിമർശിച്ചു.
മുസ്ലിം ലീഗ്, സി.പി.ഐ, ഡി.ഐ.സി, എൻ.സി.പി തുടങ്ങി ഹംസക്കുഞ്ഞ് പാർട്ടികൾ മാറിയെങ്കിലും തൃക്കണാർവട്ടത്തെയും കലൂർ നോർത്തിലെയും ജനം അദ്ദേഹത്തെ മാറ്റിയില്ല. കാരണം ഡിവിഷൻ നോക്കാൻ അദ്ദേഹം വേണമെന്നതുതന്നെ.
വർഷാവർഷം കോടികൾ ചെലവിട്ട് കൊച്ചി നഗരത്തിലെ കാനകൾ നന്നാക്കുന്നതിന് പകരം രണ്ടോ മൂന്നോ കനാലുകൾ കോർപറേഷൻ ഏറ്റെടുത്ത് പുനരുദ്ധരിച്ചാൽ എന്നന്നേക്കും വെള്ളക്കെട്ട് മാറ്റാമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. തേവര-പേരണ്ടൂർ കനാൽ നന്നാക്കാതെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും ഹംസക്കുഞ്ഞ് പലവട്ടം ചൂണ്ടിക്കാട്ടി. കൊച്ചി നഗരത്തെ രണ്ടാക്കി മുറിക്കുന്ന റെയിൽേവ ലൈനിെൻറ അടിയിൽ മുപ്പതോളം കൾവർട്ടുകളുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത അവക്ക് ഇത്രയധികം വെള്ളം ഒഴുക്കാൻ കപ്പാസിറ്റിയില്ലെന്നും അവ പൊളിച്ചു വലുതാക്കി പണിയാത്ത കാലത്തോളം നഗരത്തിെൻറ ഒരുപാതി വെള്ളക്കെട്ടിൽ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.