ക്രെഡിറ്റ് കാർഡിന് അധിക തുക; ബാങ്കിന് 1.10 ലക്ഷം രൂപ പിഴ
text_fieldsകൊച്ചി: ഒളിഞ്ഞിരിക്കുന്ന നിരക്കുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ലെന്ന ഉറപ്പിൽ ക്രെഡിറ്റ് കാർഡ് വിൽപന നടത്തി, വാഗ്ദാന ലംഘനം നടത്തിയ ബാങ്ക് ഇടപാടുകാരന് 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം കൂവപ്പടി സ്വദേശി എം.ആർ. അരുൺ, മഹാരാഷ്ട്ര ആസ്ഥാനമായ ആർ.ബി.എൽ ബാങ്കിനെതിരെ സമർപിച്ച പരാതിയിലാണ് ഉത്തരവ്.
കാർഡ് വഴി അമ്പതിനായിരം രൂപ പെട്രോൾ പമ്പിൽ ഉപയോഗിച്ച പരാതിക്കാരന് 40 ദിവസം കഴിഞ്ഞിട്ടും പണം അടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശവും ബാങ്കിൽ നിന്ന് ലഭിച്ചില്ല. ഫോൺ മുഖേനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മറുപടിയില്ല. തുടർന്ന് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് അവസാനിപ്പിക്കാൻ തീരുമാനിച്ചു. അന്വേഷിച്ചപ്പോൾ 50,590 രൂപ നൽകാനായിരുന്നു നിർദേശം. ആ തുക ഫോൺ പേ മുഖേനെ പരാതിക്കാരൻ നൽകുകയും ചെയ്തു. എന്നാൽ, അക്കൗണ്ട് അവസാനിപ്പിക്കാൻ വീണ്ടും 4,718 രൂപ കൂടി ബാങ്ക് ആവശ്യപ്പെട്ടു. പിന്നീട് അത് 13,153 രൂപയായി വർധിപ്പിച്ചു. ഇതിന് ശേഷം, അഭിഭാഷകൻ മുഖേന ബാങ്ക് അയച്ച നോട്ടീസിൽ 14,859 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, നോട്ടീസിൽ പരാമർശിക്കുന്ന നമ്പറിലുള്ള ക്രെഡിറ്റ് കാർഡ് തനിക്ക് നൽകിയിട്ടില്ലെന്നാണ് പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചത്. സിബിൽ സ്കോർ 760ൽ നിന്ന് 390 ആയി കുറയുകയും ഇതുമൂലം ബാങ്കുകൾ വായ്പ നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
ഇടപാടുകളിൽ സുതാര്യതയും വിശ്വസ്തതയും വാഗ്ദാനം ചെയ്യുന്ന ചില ധനകാര്യ സ്ഥാപനങ്ങൾ പിന്നീട് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയും ആണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. സിബിൽ സ്കോറിൽ വീഴ്ച വരുത്തിയവരുടെ പട്ടികയിൽനിന്ന് പരാതിക്കാരന്റെ പേര് ഉടൻ നീക്കാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നൽകാനുമാണ് നിർദേശം. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.