ബ്യൂട്ടി പാർലർ ഉടമയെ ലഹരിമരുന്ന് കേസിൽ കുടുക്കിയ സംഭവം: ബന്ധുവായ സ്ത്രീ മുൻകൂർ ജാമ്യഹരജി നൽകി
text_fieldsകൊച്ചി: ബ്യൂട്ടി പാർലർ ഉടമയെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച ബന്ധുവായ സ്ത്രീ ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. ചാലക്കുടി സ്വദേശി ഷീല സണ്ണിയെ കുടുക്കാൻ ശ്രമിച്ച കേസിൽ കാലടി സ്വദേശിനിയും ഷീലയുടെ മരുമകളുടെ സഹോദരിയുമായ ലിവിയ ജോസാണ് കോടതിയെ സമീപിച്ചത്.
ഫെബ്രുവരി 27ന് ഷീലയുടെ സ്കൂട്ടറിൽനിന്ന് എക്സൈസ് സംഘം 12 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടിയിരുന്നു. ഇതേതുടർന്ന് ഇവർ 72 ദിവസം ജയിലിൽ കഴിഞ്ഞു. പിന്നീട് കാക്കനാട്ടെ റീജനൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് ഷീല നൽകിയ ഹരജിയിൽ ലഹരി മരുന്നുകേസ് ഹൈകോടതി റദ്ദാക്കി. ലഹരിമരുന്ന് പിടികൂടുന്നതിന്റെ തലേദിവസം മരുമകളും സഹോദരിയും തന്റെ സ്കൂട്ടർ ഉപയോഗിച്ചിരുന്നതായി ഷീല വ്യക്തമാക്കിയിരുന്നു. കേസ് കെട്ടിച്ചമച്ചവർക്കെതിരെ നടപടി സ്വീകരിക്കാനും ഹൈകോടതി നിർദേശിച്ചു. തുടർന്നാണ് ബംഗളൂരുവിൽ പഠിക്കുന്ന ലിവിയക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയത്. കേസിൽ എക്സൈസ് സംഘം തന്റെ പിതാവിനെയും സഹോദരിയെയും ചോദ്യം ചെയ്തെന്നും അവരെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും ഹരജിയിൽ പറയുന്നു. ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തി അറസ്റ്റു ചെയ്ത് ജയിലിലടക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.