കിടപ്പുരോഗികൾ ദുരിതത്തിൽ; കാക്കനാട് പാലിയേറ്റീവ് കെയർ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ
text_fieldsകാക്കനാട്: ഇരുനൂറിലധികം കിടപ്പു രോഗികൾ ഉൾപ്പടെ നിരവധി രോഗികൾക്ക് ആശ്വാസമായിരുന്ന തൃക്കാക്കര നഗരസഭ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. മലമൂത്ര വിസർജനത്തിനും ഭക്ഷണത്തിനും പരാശ്രയം ആവശ്യമായ രോഗികൾ നിരവധിയാണ്. ഇവരുടെ ട്യൂബുകൾ മാറ്റിയിടാൻ പോലും നഴ്സുമാർ ഇല്ലാതെ പറ്റില്ല. നിലവിൽ സേവനം ചെയ്ത നഴ്സ് മുൻകൂട്ടി വിവരം നൽകിയ ശേഷം രണ്ടു മാസം മുമ്പ് സേവനം മതിയാക്കി സർക്കാർ ജോലിയിൽ പ്രവേശിച്ചു. എന്നാൽ, തൃക്കാക്കര നഗരസഭ ഇതുവരെ പുതിയൊരു നഴ്സിനെ ചുമതലപ്പെടുത്താൻ പോലും താൽപര്യം കാണിച്ചിട്ടില്ല.
രോഗികൾ അന്വേഷിച്ചപ്പോൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാലാണ് നഴ്സിനെ നിയമിക്കാൻ തടസ്സമായതെന്ന ന്യായമാണ് നഗരസഭ പറയുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് സേവനം ആവശ്യപ്പെട്ട് നൂറുക്കണക്കിന് രോഗികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓരോ മാസവും 20 ഹോം കെയറുകളാണ് ചെയ്യേണ്ടത്.
സേവനം മുടങ്ങിയതിനാൽ തൃക്കാക്കരയിലെ മുഴുവൻ വാർഡുകളിലെയും കിടപ്പു രോഗികൾ ദുരിതത്തിലാണ്. ഈ വാർഡുകളിലെ ജനപ്രതിനിധികളും മറ്റു സന്നദ്ധ പ്രവർത്തകരും ഇടപെടുമെന്ന പ്രതീക്ഷയിലാണ് പാലിയേറ്റീവ് രോഗികൾ. നിലവിൽ കഴിഞ്ഞ രണ്ടു മാസമായി സ്വകാര്യ ആശുപത്രികളേയോ സ്വകാര്യ പാലിയേറ്റീവിനെയോ ആശ്രയിച്ച് ഭീമമായ തുക നൽകി ട്യൂബുകൾ മാറിയിടേണ്ട അവസ്ഥയിലാണ് നിർധനരായ കിടപ്പു രോഗികൾ. കിടപ്പു രോഗികൾക്കും മറ്റുമായി നിരവധി പദ്ധതികൾ നഗരസഭ ആസൂത്രണം ചെയ്തതെങ്കിലും ഒന്നും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.