ബില്ല് അടച്ചില്ല; സ്പോർട്സ് ഹോസ്റ്റലിന്റെ ഫ്യൂസ് ഊരി
text_fieldsകൊച്ചി: ബിൽ തുക അടക്കാതിരുന്നതിനെ തുടർന്ന് പനമ്പള്ളി നഗർ സ്പോർട്സ് ഹോസ്റ്റലിലെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ഘഡുക്കളായി തുക അടക്കാൻ അവസരം നൽകിയിട്ടും പാലിക്കാതെവന്നതോടെയാണ് നടപടിയെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് വൈദ്യുതി വിച്ഛേദിച്ചത്.
ഹോസ്റ്റലിലെ ഏപ്രിൽ, മേയ് മാസങ്ങളിലെ വൈദ്യുതി ബില്ല് 13,000 രൂപയാണ്. ഇത് അടക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയായിരുന്നു. നിശ്ചിത സമയത്ത് പണം അടക്കാത്തതോടെയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ പത്തരയോടെ എത്തി ഫ്യൂസ് ഊരിയത്. പണം അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുന്ന നടപടികളിലേക്ക് കടക്കുമെന്ന് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പുണ്ടായിരുന്നു.
എന്നാൽ, ഹോസ്റ്റൽ അവധി ദിവസങ്ങളിലായതിനാൽ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അമ്പതിനായിരത്തിലധികം രൂപ കെ.എസ്.ഇ.ബിക്ക് അടക്കാനുണ്ടെന്നാണ് വിവരം. രണ്ടുമാസമായി ഹോസ്റ്റല്‍ അവധിയായിരുന്നതിനാല്‍ ബില്ല് ലഭിച്ചത് അറിയാഞ്ഞതുമൂലമാണ് പണം അടക്കാതിരുന്നതെന്ന് ഹോസ്റ്റല്‍ അധികൃതര്‍ വ്യക്തമാക്കി.
സംഭവം വിവാദമായതോടെ ജില്ല സ്പോർട്സ് കൗൺസിൽ ബില്ല് അടച്ചു. ഇതോടെ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി പുനഃസ്ഥാപിച്ചു. ഹോസ്റ്റലിലെ കായികതാരങ്ങൾക്ക് മതിയായ പോഷകാഹാരം നൽകുന്നില്ലെന്ന് മുമ്പ് പരാതി ഉയർന്നിരുന്നു. ഇതുകാരണം പരിശീലനം വെട്ടിക്കുറച്ചത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.